ജിദ്ദ- മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർഥിത്വം മലപ്പുറത്തെ ജനതയോടും രാജ്യത്തോടുമുള്ള കടപ്പാട് മനസ്സിലാക്കിക്കൊണ്ടാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തന്നെ ഉത്തരവാദപ്പെടുത്തിയതെന്നും വ്യക്തി താൽപര്യത്തിന്റെ പേരിൽ പിന്തിരിഞ്ഞോടാതെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കാനുള്ള വേദിയായി ഇതിനെ പ്രയോജനപ്പെടുത്തുമെന്നും എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഡോ.തസ്‌ലീം അഹമ്മദ് റഹ്മാനി പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനു വേണ്ടി ത്യാഗം സഹിച്ചവരുടെ രണഭൂമിയായ മലപ്പുറത്തെപ്പോലെ മറ്റൊരിടം ഇന്ത്യാ ചരിത്രത്തിൽ വിരളമായിരിക്കും. ആയിരക്കണക്കിന് സ്വാതന്ത്ര്യ ദാഹികളാണ് ഈ മണ്ണിൽ നിന്നും ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നിൽ പിടഞ്ഞു വീണതും നാട് കടത്തപ്പെട്ടിട്ടുള്ളതും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജന്മനാടിനോടുള്ള കടമ നിറവേറ്റുന്നതിന് ധിഷണാശാലികളായ നേതാക്കളുടെ കീഴിൽ രാജ്യത്തിന്റെ ഭരണഘടന മുറുകെപ്പിടിച്ചു കൊണ്ട് ഭരണ രംഗത്തും മറ്റും ഉത്തരവാദിത്തം നിറവേറ്റിയവരുടെ ഭൂമിയാണ് മലപ്പുറം. അനീതിക്കെതിരെ സധൈര്യം പോരാടിയ നേതാക്കളുടെ പോരായ്മ നികത്താൻ അവസരം കിട്ടിയാൽ സന്തോഷത്തോടെയും ഉത്തരവാദിത്തത്തോടെയും ഏറ്റെടുക്കുമെന്നും ഡോ.തസ്‌ലീം റഹ്മാനി പറഞ്ഞു.
രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വ ഫാസിസമാണ്. ഹിന്ദുത്വവും ഹിന്ദുമതവും രണ്ടും രണ്ടാണ്. ഹിന്ദുത്വർ സവർണ മനു വാദ താൽപര്യത്തോടെ രാജ്യം സ്വന്തമാക്കാനുള്ള അജണ്ടയുമായി നടക്കുകയാണ്. അതിന്റെ അനുരണനങ്ങളാണ് രാജ്യത്തുടനീളം ദളിതുകളും മുസ്‌ലിംകളും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും നേരിട്ട് കൊണ്ടിരിക്കുന്ന ജാതി വെറിയും വംശഹത്യയും കലാപങ്ങളുമെല്ലാം. ഹിന്ദുയിസം എന്നത് യഥാർത്ഥ ഹിന്ദു മതവിശ്വാസികൾ ഉൾക്കൊള്ളുന്നതാണ്. ഫാസിസത്തെ പിടിച്ചുകെട്ടാനും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ആശ്വാസം പകരാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് സാധിച്ചിട്ടില്ല, സാധ്യവുമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉത്തരേന്ത്യയിൽ നിന്നും രാഹുൽ ഗാന്ധിയെ കേരളത്തിലെ വയനാട്ടിൽ കൊണ്ടുവന്നു മത്സരിപ്പിച്ചു. യഥാർത്ഥത്തിൽ ബി.ജെ.പിയെയും ഫാസിസത്തെയു തോൽപിക്കാനാണ് അവർ ലക്ഷ്യം വെക്കുന്നതെങ്കിൽ കേരളത്തിൽ സംഘ്പരിവാറിന് വിജയ സാധ്യതയുള്ള തിരുവനന്തപുരത്തായിരുന്നു അദ്ദേഹം ജനവിധി തേടേണ്ടിയിരുന്നത്. രാഹുൽ ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ടുവന്നവരാണ് എന്റെ സ്ഥാനാർഥിത്വത്തെ പരിഹസിക്കുന്നത് -അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് വിരോധത്തിൽ ആത്മാർഥതയുണ്ടെങ്കിൽ അനിവാര്യമായ ഇടങ്ങളിൽ ഇടതും വലതും മുന്നണികൾ പരസ്പരം കൊമ്പു കോർക്കാതെ ഒന്നിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാരത്തിനു സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള മണ്ണൊരുക്കിക്കൊടുക്കുന്നതിൽ ഇരു മുന്നണികളികൾക്കും മുഖ്യ പങ്കുണ്ടെന്നത് വ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി ജയിക്കാനും പലയിടങ്ങളിലും ഭരണത്തിലേറാനും കഴിഞ്ഞത് ഇടതു വലതു മുന്നണികളുടെ പ്രവർത്തനഫലമാണ്. എന്നാൽ സംഘ്പരിവാരത്തെ തടയുന്നതിന് എസ്.ഡി.പി.ഐ മുന്നോട്ടു വെച്ച തന്ത്രങ്ങൾ മുഖവിലക്കെടുക്കാതെ ബി.ജെ.പിക്ക് വഴിവെട്ടുന്ന പണിയാണ് കോൺഗ്രസും സി.പി.എമ്മും മുസ്‌ലിം ലീഗടക്കമുള്ള പാർട്ടികൾ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ ഉപസംഹാര പ്രസംഗം നടത്തി. സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ.എം.അബ്ദുല്ല സ്വാഗതവും സൗദി കേരള കോ-ഓർഡിനേറ്റർ ബഷീർ കാരന്തൂർ നന്ദിയും പറഞ്ഞു. അബ്ദുസ്സലാം മാസ്റ്റർ, ഷാഹുൽ ഹമീദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.