സില്‍വാസ്സ- ബലാത്സംഗം ചെറുത്ത നാലു വയസ്സുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലിയിലാണ് സംഭവം. യുവാവിന്റെ ഫഌറ്റില്‍വെച്ച് കൊലപ്പെടുത്തിയ ബാലികയുടെ മൃതദേഹം ചാക്കില്‍ കെട്ടി ടോയ്‌ലെറ്റിനോട് ചേര്‍ന്നുളള ഇടുങ്ങിയ സ്ഥലത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടണ്ട്.
സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞ് ദുഃഖം സഹിക്കാനാവതെ പെണ്‍കുട്ടിയുടെ പിതാവ് സാനിറ്റൈസര്‍ കുടിച്ച് ജീവനൊടുക്കി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് നരോലി ഗ്രാമത്തിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി സന്തോഷ് രജത് വശീകരിച്ച് ഫ് ളാറ്റിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഹരേശ്വര്‍ സ്വാമി പറഞ്ഞു.
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ചുവെന്നും തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം ചാക്കില്‍ കെട്ടിയ ശേഷം ടോയ്‌ലറ്റിന്റെ ജനാല തകര്‍ത്ത് ഇടുങ്ങിയ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച പോലീസ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലെ 40 ഓളം ഫ്‌ളാറ്റുകളില്‍ തെരച്ചില്‍ നടത്തിയിരുന്നു.
തെരച്ചിലിനിടെ രജത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ കുളിമുറിയില്‍ പോലീസ് രക്തക്കറ കണ്ടെത്തി. തുടര്‍ന്ന് താഴെ ഇടുങ്ങിയ സ്ഥലത്തുനിന്ന് ചാക്കില്‍ കെട്ടിയ മൃതദേഹം ലഭിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ഫ് ളാറ്റില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം രജത് സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മകളുടെ മൃതദേഹം കണ്ട പെണ്‍കുട്ടിയുടെ പിതാവ് അണുനാശിനി കഴിച്ചാണ് ജീവനൊടക്കിയത്. ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിയായ പ്രതി കഴിഞ്ഞ നാല് വര്‍ഷമായി ദാദ്ര നാഗര്‍ ഹവേലിയില്‍ വിവിധ ഫാക്ടറികളില്‍ ജോലി ചെയ്തു വരികയായിരുന്നു.