Sorry, you need to enable JavaScript to visit this website.

ഖുഷ്ബുവിന് സീറ്റുണ്ടാകില്ലേ.. തമിഴ്‌നാട് ബി.ജെ.പിയില്‍ ആശയക്കുഴപ്പം

ചെന്നൈ- പ്രധാന സീറ്റ് പ്രതീക്ഷിച്ചെത്തിയ  ഖുഷ്ബുവിനെ ബി.ജെ.പി ഒതക്കുമോ.. ഖുഷ്ബു സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണത്തിന് പിന്നാലെ തിരുനെല്‍വേലി മണ്ഡലത്തില്‍ മറ്റൊരു ബി.ജെ.പി നേതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുന്‍പാണ് ബി.ജെ.പി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പത്രിക സമര്‍പ്പിച്ചത്.

ചെന്നൈയിലെ ചെപ്പോക്ക് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ഖുഷ്ബുവിന്റെ പ്രതീക്ഷ. ഒരു മാസം മുന്‍പ് പ്രചാരണവും തുടങ്ങി. എന്നാല്‍ ചെപ്പോക്ക് മണ്ഡലം അണ്ണാ ഡി.എം.കെ പട്ടാളി മക്കള്‍ കച്ചിക്ക് നല്‍കിയതോടെ ഖുഷ്ബു പ്രതിസന്ധിയിലായി. ബി.ജെ.പിക്ക് മത്സരിക്കാന്‍ ലഭിച്ച തിരുനെല്‍വേലി മണ്ഡലത്തിലെ സാധ്യതയും ഖുഷ്ബുവിന് മുന്നില്‍ അസ്തമിക്കുകയാണ്.

ഖുഷ്ബു തിരുനെല്‍വേലിയില്‍ മത്സരിക്കും എന്ന വാര്‍ത്ത പരന്നതിന് പിന്നാലെ ബി.ജെ.പി ജില്ലാ നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിച്ചു. മകനും തന്റെ കടയിലെ ജീവനക്കാരനുമൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. നല്ല സമയമായതിനാലാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പത്രിക സമര്‍പ്പിച്ചതെന്ന് നാഗേന്ദ്രന്‍ പറഞ്ഞു.

സഖ്യത്തില്‍ ബി.ജെ.പി മത്സരിക്കുന്ന 20 സീറ്റിലും സ്ഥാനാര്‍ത്ഥി മോഹികളുടെ വലിയ നിരയുള്ളതിനാല്‍ ഖുഷ്ബുവിന് മത്സരിക്കാനുള്ള സാധ്യത കുറയുകയാണ്.

 

Latest News