ടി.സിദ്ദിഖിന്‍റെ പരാമര്‍ശം വിവാദമായി; കല്‍പറ്റയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്ലേ?

കല്‍പറ്റ-കല്‍പറ്റ മണ്ഡലത്തിലെ കോണ്‍ഗ്രസ് സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് സ്വകാര്യ ചാനിലിനു നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായി.

നിലമ്പൂരില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നും അതിനാലാണ് കല്‍പറ്റയില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നതെന്നും സിദ്ദിഖ് പറഞ്ഞതാണ് വിവാദമായത്.

കല്‍പറ്റയില്‍ മത്സരിക്കാന്‍ യോഗ്യരായ നേതാക്കള്‍ വയനാട്ടിലില്ലെന്നാണ് സിദ്ദിഖ് പറഞ്ഞതിലെ ധ്വനിയെന്നും ഇതു ജില്ലയിലെ കോണ്‍ഗ്രസുകാരെയാകെ അവഹേളിക്കുന്നതിനു തുല്യമാണെന്നും കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രന്‍ പ്രതികരിച്ചു.


കെ.എസ്.യുവിലൂടെ പൊതുരംഗത്തു എത്തി ഡി.സി.സി, കെ.പി.സി.സി ഭാരവാഹികളായ നിരവിധി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയിലുണ്ട്. ഇവരെയെല്ലാം ഇകഴ്ത്തുന്നതാണ് സിദ്ദിഖിന്റെ പരാമര്‍ശം. അദ്ദേഹം കല്‍പറ്റയില്‍ സ്ഥാനാര്‍ഥിയായാകുന്നത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അംഗീകരിക്കില്ല. കല്‍പറ്റയില്‍ വയനാടിനു  പുറമേനിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കരുതെന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സിയോടു നേരത്തേ ആവശ്യപ്പെട്ടതാണ്. സിദ്ദിഖ് കെ.എസ്.യുവില്‍ എത്തുന്നതിനു മുമ്പു കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരാണ് ജില്ലയിലെ നേതാക്കളില്‍ പലരുമെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
 

Latest News