സ്ഥാനാർഥിയെ ചൊല്ലി ഇരിക്കൂറിൽ എ വിഭാഗത്തിന്റെ  രാപ്പകൽ സത്യഗ്രഹം

ഇരിക്കൂർ മണ്ഡലത്തിൽ എ വിഭാഗം പ്രവർത്തകർ നടത്തിയ പ്രകടനം.

കണ്ണൂർ- ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ് ഓഫീസിന് മുന്നിൽ എ വിഭാഗത്തിന്റെ രാപ്പകൽ സത്യഗ്രഹം. യു.ഡി.എഫിന്റെ ഉറച്ച സീറ്റുകളിൽ ഒന്നായ ഇരിക്കൂർ സീറ്റിൽ എ വിഭാഗം പ്രതിനിധിയായ സോണി സെബാസ്റ്റ്യനെ ഒഴിവാക്കി, സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനമാണ് വിവാദത്തിന് വഴിവെച്ചത്. കഴിഞ്ഞ ദിവസം പ്രവർത്തകർ രണ്ട് ബ്ലോക് കമ്മിറ്റി ഓഫീസുകൾ താഴിട്ട് പൂട്ടി കരിങ്കൊടി നാട്ടിയിരുന്നു.


40 വർഷത്തോളം കെ.സി. ജോസഫ് തുടർച്ചയായി മത്സരിച്ച് വിജയിച്ച ഇരിക്കൂർ സീറ്റിൽ ഇത്തവണ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് സീറ്റിനായി എ, ഐ വിഭാഗങ്ങൾ നീക്കം തുടങ്ങിയത്. എ വിഭാഗക്കാരനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. സോണി സെബാസ്റ്റ്യന് സീറ്റു നൽകണമെന്നായിരുന്നു എ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ട് മറ്റൊരു ഡി.സി.സി ജന. സെക്രട്ടറി കൂടിയായ അഡ്വ. സജീവ് ജോസഫിന്റെ പേര് ലിസ്റ്റിൽ കൂട്ടി ചേർക്കുകയും, സജീവിനായി സമ്മർദം ചെലുത്തുകയും ചെയ്തു. ഇതിനെതിരെ മണ്ഡലത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സജീവിനെ വയനാട്ട് മത്സരിപ്പിക്കാനുള്ള നീക്കം നടത്തിയെങ്കിലും അവിടെ എതിർപ്പ് രൂക്ഷമായതിനെത്തുടർന്ന് വീണ്ടും ഇരിക്കൂറിൽ തന്നെ പരിഗണിക്കുകയായിരുന്നു.


കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റ് പുറത്തു വന്നിട്ടില്ലെങ്കിലും, സജീവ് ജോസഫ് തന്നെയാണ് പട്ടികയിൽ ഉള്ളതെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇന്നലെ എ വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയത്. ശ്രീകണ്ഠപുരം ടൗണിൽ പ്രകടനം നടത്തിയ ശേഷം ടൗണിലെ ബ്ലോക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലാണ് രാപ്പകൽ സത്യഗ്രഹം നടത്തിയത്. കോൺഗ്രസ് ജില്ലാ സംസ്ഥാന ഭാരവാഹികളടക്കം പങ്കെടുത്ത സമരത്തിന് നേതൃത്വം നൽകിയത് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവാണ്. സോണി സെബാസ്റ്റ്യന് സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി സ്ഥാനങ്ങൾ രാജിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ എ വിഭാഗത്തിന് ലഭിച്ച സീറ്റുകളിൽ മത്സരിക്കേണ്ടെന്ന തീരുമാനവും ഇവർ ഉയർത്തുന്നുണ്ട്. എന്നാൽ ഈ സംഭവത്തിൽ ഡി.സി.സി നേതൃത്വം പ്രതികരിക്കാൻ തയാറായിട്ടില്ല.

        

Latest News