കൽപറ്റ- യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിനു കാത്തിരിക്കെ ജില്ലയിൽ അരങ്ങുവാണ് എൽ.ഡി.എഫ്. ജില്ലയിലെ മൂന്നു നിയോജമകണ്ഡലങ്ങളിലും പത്രികാസമർപ്പണത്തിനു മുമ്പേ സ്ഥാനാർഥികൾ കളത്തിലിറങ്ങി. മാനന്തവാടിയിൽ സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ ഒ.ആർ. കേളുവും ബത്തേരിയിൽ സി.പി.എമ്മിലെ നവാഗതനും കെ.പി.സി.സി മുൻ സെക്രട്ടറിയുമായ എം.എസ്. വിശ്വനാഥനും കൽപറ്റയിൽ എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശേയാംസ്‌കുമാറുമാണ് ഇടതുമുന്നണി സ്ഥാനാർഥികൾ. വിശ്വനാഥനും കേളുവും സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി. പ്രമുഖ വ്യക്തികളുടെ അനുഗ്രഹം വാങ്ങിയും അങ്ങാടികളിൽ റോഡ്‌ഷോ നടത്തിയും വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുത്തും തെരഞ്ഞെടുപ്പു രംഗത്തു നിറയുകയാണ് ഇവർ. കൽപറ്റ മണ്ഡലം സ്ഥാനാർഥി എം.വി. ശ്രേയാസ്‌കുമാർ ഇന്നലെ വൈകുന്നരം നഗരത്തിൽ റോഡ്‌ഷോ നടത്തി. തുറന്ന ജീപ്പിൽ സിറ്റിംഗ് എം.എൽ.എ സി.കെ. ശശീന്ദ്രനൊപ്പമായിരുന്നു റോഡ്‌ഷോ. നിരവധി യുവജനങ്ങൾ ഇരുചക്ര വാഹനങ്ങളിൽ മുമ്പേ സഞ്ചരിച്ചു പരിപാടിക്കു കൊഴുപ്പുകൂട്ടി. 2016 ലെ തെരഞ്ഞെടുപ്പിൽ എതിരാളികളായിരുന്ന സി.കെ. ശശീന്ദ്രനും ശ്രേയാംസ്‌കുമാറും ഒരേ വാഹനത്തിൽ ഉരുമ്മിനിന്നു പുഞ്ചിരിപൊഴിച്ചു കൈവീശുന്നതു കാഴ്ചക്കാർക്കു കൗതുകമായി.
എൽ.ഡി.എഫ് മാനന്തവാടി നിയോജകമണ്ഡലം കൺവൻഷനും തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണവും കഴിഞ്ഞ ദിവസവും നടന്നു. ബത്തേരി നിയോജകമണ്ഡലം കൺവൻഷൻ ഇന്നലെ ചേർന്നു. തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു. കൽപറ്റ നിയോജകമണ്ഡലം കൺവൻഷൻ ഇന്നു ചേരും. മൂന്നു നിയോജകമണ്ഡലങ്ങളിലും എൽ.ഡി.എഫ് പ്രവർത്തകർ വലിയ ആവേശത്തിലാണ്. സമൂഹമാധ്യമങ്ങളിലും നിറയുകയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ.
സ്ഥാനാർഥി പ്രഖ്യാപനം ഇന്നു നടത്തുന്ന മുറയ്ക്കു ഓടി ഇടതുമുന്നണിക്കൊപ്പം എത്താനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. മൂന്നു നിയോജകണ്ഡലങ്ങളിലും തെരഞ്ഞെടുപ്പു കൺവൻഷൻ 15 നു ചേരും. ബത്തേരി നിയോജകണ്ഡലം കൺവൻഷൻ രാവിലെ 10 നു മുനിസിപ്പൽ ടൗൺ ഹാളിലും മാനന്തവാടിയിലേതു രാവിലെ 11 നു വീണ ടാക്കീസ് പരിസരത്തും കൽപറ്റയിലേതു ഉച്ചയ്ക്കു ഒന്നിനു കൽപറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിലുമാണ്. മൂന്നിടങ്ങളിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബത്തേരിയിൽ സിറ്റിംഗ് എം.എൽ.എ ഐ.സി. ബാലകൃഷ്ണനും മാനന്തവാടിയിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയും സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്. ഇവർ അനൗപചാരിക തെരഞ്ഞെടുപ്പു പ്രചാരണവും ആരംഭിച്ചു. കൽപറ്റയിലെ യു.ഡി.എഫ് സ്ഥാനാർഥി ആരാകുമെന്നതിലെ അനിശ്ചിതത്വം ഇന്നു നീങ്ങും.






