ആലപ്പുഴ- എത്ര കേന്ദ്ര ഏജൻസികളെ നിരത്തി പരേഡ് നടത്തിയാലും കേരളത്തിൽ ബി.ജെ.പി ഇപ്പോഴുള്ളതിൽ നിന്നൊട്ടും ഉയരാൻ പോകുന്നില്ലെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ബി.ജെ.പിക്ക് ഇപ്പോൾ ഉള്ള ഒരു സീറ്റ് പോലും യു.ഡി.എഫുമായുള്ള നീക്ക് പോക്ക് മൂലം ലഭിച്ചതാണെും അദ്ദേഹം ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജനുമായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിനെത്തിയത്. 20 വർഷക്കാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളെന്ന നിലയിൽ ജനങ്ങളുമായി നല്ല അടുപ്പം പുലർത്തിയിരുന്ന താൻ മത്സര രംഗത്ത് നിന്ന് മാറുന്നതിൽ ജനങ്ങൾക്കുണ്ടാകുന്ന പ്രതിഷേധം സ്വാഭാവികമാണ്. മനുഷ്യർ യന്ത്രമല്ലാത്തതിനാൽ പ്രതികരണം സ്വാഭാവികമാണ്. എന്നാൽ ആലപ്പുഴ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ ചിലരെ ഉന്നം വെച്ചുള്ളതാണ്. ഇത് രാഷ്ട്രീയ ബുദ്ധിയുടെ ഭാഗമാണ്. ആരാണ് ഇതിന് പിന്നിലെന്ന് അന്വേഷിക്കുമെന്നും ഐസക്ക് പറഞ്ഞു.
വിവാദങ്ങൾക്ക് അൽപായുസ്സേയുള്ളൂവെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ അധികാരത്തിലോ പ്രതിപക്ഷത്തോ ഇല്ലെങ്കിലും കിഫ്ബിയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് സാധിക്കും. വിവാദങ്ങൾക്കിടയിലും കിഫ്ബിക്ക് വായ്പ നൽകാൻ സന്നദ്ധരായി രാജ്യാന്തര ധനകാര്യ ഏജൻസികൾ രംഗത്ത് വന്നിട്ടുണ്ടെും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ മുന്നിൽ കണ്ട് 12,000 കോടിയുടെ കരുതൽ സർക്കാരിന്റെ പക്കലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സി.പി.എമ്മിന്റെ തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി.ഡി.ജെ.എസ് സ്ഥാനാർഥിയായതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിലരെ വിലക്ക് വാങ്ങാൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. താൻ എം.എൽ.എ ആകുന്നതിന് മുമ്പ് ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് പൂർണ മനുഷ്യനായാണ് ജീവിച്ചത്. പാർലമെന്ററി രംഗത്തില്ലെങ്കിലും തനിക്ക് പ്രവർത്തിക്കാൻ ഒട്ടേറെ മേഖലകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായാലേ സർക്കാർ നയങ്ങളിൽ ഇടപെടാൻ കഴിയൂ എന്നില്ല. രാജ്യസഭയിലേക്ക് പരിഗണിക്കുമോയെന്ന കാര്യങ്ങളൊക്കെ പാർട്ടിയാണ് തീരുമാനിക്കുതെന്നും ഐസക്ക് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.






