കാസര്‍കോട് കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പോരില്‍

കാസര്‍കോട് - കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു തട്ടിലായി. നേതാക്കള്‍ തമ്മില്‍ തുറന്ന പോരിലാണ്. ഹൈക്കമാന്‍ഡിനെ അനുകൂലിച്ചും എതിര്‍ത്തും പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.
തൃക്കരിപ്പൂര്‍ സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കിയതാണ് അതൃപ്തിക്ക് പ്രധാന കാരണം. സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള ജില്ലയിലെ തര്‍ക്കം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. വിവരങ്ങള്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് അറിയുന്നത്.
ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി ഭാരവാഹികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, ധന്യാ സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, അര്‍ജുനന്‍ തായലങ്ങാടി, അന്‍വര്‍ മാങ്ങാട് തുടങ്ങിയ നേതാക്കള്‍ രാജിഭീഷണി മുഴക്കിയതും നേതൃത്വം ചര്‍ച്ച ചെയ്യുന്നു.
അതിനിടെ  പ്രശ്നത്തിന്റെ ഗൗരവം മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ കെ.പി. കുഞ്ഞിക്കണ്ണനും  നേതൃത്വത്തെ അറിയിച്ചു. ഉദുമ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും  കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.  ഇതും ജില്ലയിലെ പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഉദുമയില്‍ പെരിയ ബാലകൃഷ്ണനെ അവസാന സാധ്യതാ ലിസ്റ്റില്‍പെടുത്തിയത്  മുതിര്‍ന്ന നേതാക്കളോടും ഡി.സി.സിയോടും ആലോചിക്കാതെയാണെന്ന് ആക്ഷേപമുണ്ട്. പ്രശ്നത്തിന്റെ ഗൗരവം പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയ സാഹചര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് നേതാക്കള്‍. അതേസമയം തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കാനും ഡി.സി.സി നേതാക്കള്‍ യോഗം ചേര്‍ന്നു. കെ.പി.സി.സി ഭാരവാഹികളായ കെ.വി ഗംഗാധരന്‍, കരിമ്പില്‍ കൃഷ്ണന്‍, പി.കെ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍ യോഗം ചേര്‍ന്നത്. മുന്നണി സംവിധാനം ആകുമ്പോള്‍ ഘടക കക്ഷികളെ പരിഗണിക്കേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.

 

 

Latest News