ന്യൂദല്‍ഹി- വിമാനത്തില്‍ മാസ്ക് നേരെ ധരിക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ചില യാത്രക്കാര്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഡിജിസിഎ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
യാത്രക്കാര്‍ മാസ്ക് നേരെ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ എയര്‍പോര്‍ട്ടുകളില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. ആരെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ടെര്‍മിനല്‍ മാനേജര്‍ക്കും നിര്‍ദേശം നല്‍കി.
വിമാനത്തില്‍ കയറിയ ശേഷം നിര്‍ദേശം നല്‍യിട്ടും യാത്രക്കാരില്‍ ആരെങ്കിലും മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചാല്‍ അവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഈ നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.
ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍നിന്നു പുറത്താക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വിമാന കമ്പനികള്‍ക്കു കോടതി നിര്‍ദേശം നല്‍കി.
കൊല്‍ക്കത്തയില്‍നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ പല യാത്രക്കാരും ശരിയായ വിധത്തിലല്ല മാസ്‌ക് ധരിച്ചതെന്നു കണ്ട അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് സി ഹരിശങ്കറാണ് സ്വമേധയാ നടപടിയെടുത്തത്. പല യാത്രക്കാരും മാസ്‌ക് താടിയിലാണ് ധരിച്ചിരുന്നതെന്ന് കോടതി ഓര്‍മിച്ചു. ഇക്കാര്യം കാബിന്‍ ക്രൂവിനോട് ആരാഞ്ഞപ്പോള്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടും യാത്രക്കാര്‍ അനുസരിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.
സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം മൂക്കും വായും മൂടുന്ന വിധത്തില്‍ വേണം മാസ്‌ക് ധരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ചട്ടലംഘനം ആവർത്തിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും സ്ഥിരമായോ നിശ്ചിത കാലത്തേക്കോ ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.