അയ്യോ അച്ഛാ പോവല്ലേ; ഉമ്മന്‍ ചാണ്ടിയെ ട്രോളിയ ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീമിന്‍റെ പേജില്‍ യുദ്ധം

തിരുവനന്തപുരം- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കരുതെന്നും പുതുപ്പള്ളിയില്‍ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ നടന്ന പ്രതിഷേധനത്ത   ട്രോളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം.

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച് വീടിന് മുകളില്‍ ഒരു പ്രവര്‍ത്തകന്‍ കയറിയിരുന്നു. ഇതിനെ പരിഹസിച്ചാണ് അയ്യോ അച്ഛാ പോവല്ലേ...'എന്ന് പറഞ്ഞ് എ.എ റഹീം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

https://www.malayalamnewsdaily.com/sites/default/files/2021/03/13/raheem.jpg

ജയറാം നായകനായ  വധു ഡോക്ടറാണ് എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് വീടിന് മുകളിലിരിക്കുന്ന ചിത്രത്തോടൊപ്പമാണ് റഹീമിന്റെ പോസ്റ്റ്. റഹീമിനെ രൂക്ഷമായി വിമർശിച്ചും അനുകൂലിച്ചും നൂറുകണക്കിനാളുകളാണ് കമന്‍റ് ചെയ്യുന്നത്. ഒരു മണിക്കൂർ കൊണ്ട് ആയിരത്തിലേറെ പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. റഹീമിന് മത്സരിക്കാന്‍ അവസരം ലഭിക്കാത്തതിനെയും കമന്‍റുകളില്‍ വിമർശിക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ അദ്ദേഹത്തിനെ നേമത്തേക്ക് വിട്ട് കൊടുക്കില്ലെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഒടുവില്‍ പുതുപ്പള്ളിയില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ അയഞ്ഞത്.

സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് വീടിന് മുന്നില്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറുന്ന സാഹചര്യമില്ലെന്ന് മുന്‍ മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ നേമത്തില്‍ തളച്ചിടരുത്. അദ്ദേഹം കുറച്ചു കൂടി ഫ്രീയാകണം. എല്ലാ മണ്ഡലത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം വേണം- ജോസഫ് കൂട്ടിച്ചേര്‍ത്തു.

Latest News