Sorry, you need to enable JavaScript to visit this website.

ആരാധനാലയ സംരക്ഷണ നിയമത്തിനെതിരെ ബിജെപി നേതാവിന്റെ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

ന്യൂദൽഹി- ഒരു മതവിഭാഗത്തിന്റെയോ വ്യക്തിയുടെയോ ആരാധനാലയങ്ങളിന്മേൽ മറ്റൊരാൾക്കോ മറ്റു മതവിഭാഗങ്ങൾക്കോ അവകാശമുന്നയിച്ച് പിടിച്ചെടുക്കാനുള്ള അവസരം നിരോധിക്കുന്ന 1991ലെ നിയമത്തിലെ വ്യവസ്ഥയകളുടെ സാധുതയെ ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണമാരാഞ്ഞ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നൽകിയത്. ബിജെപി നേതാവായ അശ്വിൻ ഉപാധ്യായയുടെ ഹരജിയിന്മേലാണ് ഈ നടപടി. മതമൌലികവാദികളും പ്രാകൃതരുമായ അധിനിവേശക്കാരും നിയമലംഘകരും നടത്തിയ നടത്തിയ ആരാധനായല കൈയേറ്റങ്ങൾ സ്ഥിരീകരിക്കുന്ന നിലയിലുള്ള ഒരു യുക്തിരഹിതമായ കാലനിർണയമാണ് 91ലെ ഈ നിയമം നടത്തിയിരിക്കുന്നതെന്ന് ഹരജിക്കാരൻ വാദിക്കുന്നു.  ബാബരി മസ്ജിദിനുമേൽ അവകാശവാദമുന്നയിച്ചതിനെ തുടർന്നുണ്ടായ നീണ്ട തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ആരാധനലായങ്ങളെ സംരക്ഷിക്കാൻ സർക്കാർ 'പ്ലേസസ് ഓഫ് വേർഷിപ്പ് (സ്പെഷ്യൽ പ്രൊവിഷൻസ്) ആക്ട്, 1991' എന്ന നിയമം കൊണ്ടുവന്നത്.

ഈ നിയമത്തിലെ 2, 3, 4 സെക്ഷനുകളാണ് ഹരജിക്കാധാരമായിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെയോ മതവിഭാഗത്തിന്റെയും ആരാധനാലയത്തെ തങ്ങളുടേതെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സാധ്യതയെ ഈ വകുപ്പുകൾ ഇല്ലായ്മ ചെയ്യുന്നു. മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യൻ ആണ് ഹരജിക്കാരനു വേണ്ടി കോടതിയിൽ ഹാജരായത്. 

മഥുര, കാശി എന്നിവിടങ്ങളിലെ ആരാധനാലയങ്ങൾക്കു മേൽ അവകാശമുന്നയിക്കാനും രാമജന്മഭൂമി പ്രസ്ഥാനത്തിന് സമാനമായ പ്രക്ഷോഭം സംഘടിപ്പിക്കാനും ചില ഹിന്ദുത്വ ഗ്രൂപ്പുകൾ ശ്രമം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതിയിലെ ഈ നീക്കം നടക്കുന്നത്. 1991ലെ നിയമം നിലവിലുള്ളതിനാൽ ആരാധനാലയത്തിൽ അവകാശമുന്നയിച്ച് കോടതിയെ സമീപിക്കാൻ ആർക്കും സാധിക്കില്ല. 

ജമ്മു കാശ്മീർ ഒഴികെയുള്ള രാജ്യത്തെ എല്ലാ പ്രദേശങ്ങൾക്കും ബാധകമായതാണ് 1991 ജൂലൈ 11ന് നിലവിൽ വന്ന ഈ നിയമം. ഇതിലെ രണ്ടാമത്തെ വകുപ്പ് പറയുന്നത് ഒരു വ്യക്തിക്കും ഏതൊരു മതത്തിന്റെയും ആരാധനാലയത്തെ വ്യത്യസ്തമായതോ, അല്ലെങ്കിൽ അതേ മതത്തിലെ തന്നെ ഒരു അവാന്തരമായതോ ആയ മതവിഭാഗത്തിലേക്ക് പരിവർത്തിപ്പിക്കാൻ കഴിയില്ല. 1947 ഓഗസ്റ്റ് 15ാം തിയ്യതിയിൽ ഏങ്ങനെയാണോ നിലനിന്നിരുന്നത് അതേപടി ആരാധനലായങ്ങൾ നിലനിർത്തണമെന്നും, അതേ സ്വഭാവം തുടർന്നും പുലരേണ്ടതുണ്ടെന്നും നിയമത്തിലെ നാലാമത്തെ സെക്ഷൻ പറയുന്നു. ഇത്തരം കേസുകളുമായി കോടതിയെ സമീപിക്കാനാകില്ല. അതെസമയം 47ന് മുമ്പുള്ള വ്യവഹാരങ്ങൾക്ക് ഇളവ് നൽകിയിട്ടുമുണ്ട്.

നിയമത്തിന്റെ അഞ്ചാമത്തെ വകുപ്പ് രാമജന്മഭൂമിയെ സംബന്ധിക്കുന്നതാണ്. ഈ നിയമത്തിന്റെ ഒരു വകുപ്പും രാമജന്മഭൂമിയുമായി ബന്ധപ്പെട്ട കേസുകളെ ബാധിക്കുന്നതല്ലെന്നാണ് ഈ വകുപ്പ് പറയുന്നത്.

Latest News