റിയാദ് - സൗദി അറേബ്യയിൽ നാളെ മുതൽ തൊഴിൽ നിയമപരിഷ്‌കാരങ്ങൾ നടപ്പിൽ വരുന്നതോടെ വിദേശ തൊഴിലാളികളുടെ സ്‌പോൺസർ മാറ്റം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ 'ഖിവാ' പോർട്ടൽ വഴി. തൊഴിലാളികളുടെ പുതിയ സ്ഥാപനമാണ് ഈ പോർട്ടൽ വഴി തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ നൽകേണ്ടത്. തൊഴിൽ മാറ്റത്തിനുള്ള ആഗ്രഹം സ്ഥിരീകരിക്കുന്നതിനും 'ഖിവാ' പോർട്ടൽ വഴി അപേക്ഷാ നടപടികൾ പൂർത്തിയാക്കുന്നതിനും തൊഴിലാളിക്ക് എസ്.എം.എസ് അയക്കും. ഇതിനു ശേഷം തൊഴിൽ മാറ്റ അനുമതി അറിയിച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും മന്ത്രാലയം വിവരം നൽകും.
തൊഴിൽ കരാർ കാലാവധിക്കിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ 'അബ്ശിർ' വഴി റീ-എൻട്രിക്കുള്ള അപേക്ഷ സ്വയം സമർപ്പിക്കാനും ഇന്നു മുതൽ തൊഴിലാളികൾക്ക് കഴിയും. തൊഴിൽ കരാർ കാലാവധിക്കിടെയും കാലാവധി അവസാനിച്ച ശേഷവും ഫൈനൽ എക്‌സിറ്റിന് അബ്ശിർ വഴി നേരിട്ട് അപേക്ഷ നൽകാനും തൊഴിലാളിക്ക് സാധിക്കും.
കരാർ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് ഫൈനൽ എക്‌സിറ്റ് നേടുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒപ്പുവെക്കുന്ന തൊഴിൽ കരാർ അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാര വ്യവസ്ഥ ബാധകമായിരിക്കും. തൊഴിൽ കരാർ അവസാനിപ്പിക്കുന്ന കക്ഷിയാണ് നഷ്ടപരിഹാരം വഹിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.