ജിദ്ദ- വടക്കന്‍ കോര്‍ണിഷില്‍ കടലില്‍ വീണ പാക്കിസ്ഥാനി ബാലിക മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അത്യാഹിതം. സായാഹ്നം ചെലവഴിക്കാന്‍ മാതാപിതാക്കളോടൊപ്പം കോര്‍ണിഷില്‍ എത്തിയ ആലിയ അലി എന്ന കുട്ടിയാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനുമുമ്പ് സ്ഥലത്തുണ്ടായിരുന്നുര്‍ കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും ആശുപ്രതിയില്‍ വെച്ച് മരിച്ചു.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്ന് സംഭവത്തിന് സാക്ഷിയായ അബ്ദുന്നാസര്‍ അല്‍സഹ്‌റാനി പറഞ്ഞു. രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പായി കോര്‍ണിഷിലുണ്ടായിരുന്ന ഏതാനും പേര്‍ ചേര്‍ന്ന് കുട്ടിയെ കടലില്‍നിന്ന് പുറത്തെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താനും ഒരു സ്ത്രീയും കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ മെഡിക്കല്‍ സംഘമാണ് ബാലികയെ ജര്‍മന്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. അധികം വൈകാതെ കുട്ടി മരിച്ചു.
ബാലിക അപകടത്തില്‍പെട്ട കാര്യം വൈകിയാണ് അറിഞ്ഞതെന്നും ഉടന്‍ തന്നെ റെഡ്ക്രസന്റ് അതോറിറ്റിയുമായി ചേര്‍ന്ന് രക്ഷാദൗത്യ സംഘത്തെ നിയോഗിച്ചിരുന്നതായും നാവിക അതിര്‍ത്തി സുരക്ഷാസേന അറിയിച്ചു.






