മഹിളാ കോൺഗ്രസ് നേതാവ് സി.പി.ഐയിൽ ചേർന്നു

കൊല്ലം- മുൻ യു.ഡി.എഫ് കരുനാഗപ്പള്ളി നഗരസഭാ കൗൺസിലറും മഹിളാ കോൺഗ്രസ് നേതാവുമായ ദീപ്തി ഉൾപ്പടെ അഞ്ച് പേർ സി.പി.ഐയിൽ ചേർന്നു. ദീപ്തി, ബിന്ദു, ഉണ്ണി, നിയാസ്, ശഫീഖ് എന്നിവരാണ് സി.പി.ഐയിൽ ചേർന്നത്. സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ ഇവരെ പതാക നൽകി സ്വീകരിച്ചു. കോൺഗ്രസിലെ വിഭാഗീയ പ്രവർത്തനങ്ങളും, കോൺഗ്രസ്-- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുകളുമാണ് മാറിചിന്തിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇവർ അഭിപ്രായപ്പെട്ടു. സാധാരണക്കാരായ ആളുകളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും അതനുസരിച്ചു പരിഹാരം കാണാനും കഴിഞ്ഞ പക്ഷമായിരുന്നു കഴിഞ്ഞ അഞ്ച് വർഷം കേരളം ഭരിച്ചതെന്നും, വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ ഭൂരിപക്ഷത്തിൽ വിജയിക്കേണ്ടത് നാടിന്റെയും സാധാരണക്കാരുടെയും ആവശ്യമാണെന്നും ഇവർ പറഞ്ഞു.

ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ആർക്കും വിശ്വസിച്ചു വോട്ട് നൽകാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചെന്ന് സ്വീകരണ ചടങ്ങിൽ ആർ. രാമചന്ദ്രൻ പറഞ്ഞു.  മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണ പിള്ള, ജില്ലാ കൗൺസിൽ അംഗം കടത്തൂർ മൻസൂർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി. ശ്രീകുമാർ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞ്, വിജയൻ, ജയപ്രസാദ്, നാസർ, ലതികാ സച്ചിദാനന്ദൻ, എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് റിയാസ് ഹംസത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Latest News