ഇടുക്കി- കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഡി.സി.സി പ്രസിഡന്റുമായ റോയ് കെ. പൗലോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ കോൺഗ്രസിൽ കൂട്ടരാജി ഭീഷണി. ജില്ലയിലെ പത്തിൽ അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാർ അടക്കമുള്ളവർ ഇന്നലെ റോയിയുടെ കരിമണ്ണൂരിലെ വീട്ടിൽ യോഗം ചേർന്നാണ് രാജിഭീഷണി മുഴക്കിയത്. പാർട്ടി വിടുമെന്നു വരെ റോയി അന്ത്യശാസനം നൽകിയെന്നാണ് സൂചന. സ്ഥാനാർഥി തീരുമാനം ആയില്ലെന്ന് മുല്ലപ്പള്ളി ദൽഹിയിൽ പ്രഖ്യാപിച്ച 10 സീറ്റുകളിൽ പീരുമേടും ഉൾപ്പെട്ടത് അങ്ങനെയാണ്.
പീരുമേട് നിയമസഭാ മണ്ഡലത്തിൽ റോയി കെ പൗലോസിന്റെ പേര് ആദ്യംമുതൽ കേട്ടിരുന്നു. 2011ലെ തെരഞ്ഞെടുപ്പ് മുതൽ പീരുമേട്ടിൽ റോയിയുടെ പേര് അവസാന നിമിഷം വരെ പരിഗണിക്കപ്പെടുകയും ഒടുവിൽ തഴയപ്പെടുകയും ചെയ്തതാണ് ചരിത്രം. കഴിഞ്ഞ തവണ സി.പി.ഐയിലെ ഇ.എസ് ബിജിമോളെ 314 വോട്ടിന് വിറപ്പിച്ചു വിട്ട ഐ.എൻ.ടി.യു.സി നേതാവ് സിറിയക്ക് തോമസാണ് റോയിക്ക് പുറമെ പരിഗണിക്കപ്പെട്ടിരുന്നത്. പാർട്ടിയിൽ സീനിയറായ തനിക്ക് ഇക്കുറി സീറ്റ് തന്നേ തീരു എന്ന കടുത്ത നിലപാട് റോയി സ്വീകരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ പിന്തുണയും ഇതിന് ഉണ്ടായിരുന്നു.
എന്നാൽ സീറ്റ് കിട്ടില്ലെന്ന വിവരം ഇന്നലെ രാവിലെയാണ് റോയി അറിഞ്ഞത്. ഇതോടൊപ്പം കേട്ട മറ്റൊരു വാർത്ത റോയിയെ കൂടുതൽ അസ്വസ്ഥനാക്കി. ഒരിക്കൽ ഉറ്റമിത്രവും പിന്നീട് കടുത്ത എതിരാളിയുമായി മാറിയ പി.ടി തോമസ് തൃക്കാക്കരയിൽ നിന്നും പീരുമേട്ടിലേക്ക് മലകയറിയെത്തിയേക്കും എന്നതായിരുന്നു ആ വാർത്ത.
ഇതോടെയാണ് അനുകൂലികളുടെ യോഗം വിളിച്ചു ചേർക്കാൻ റോയി നിർബന്ധിതനായത്. 200 ഓളം പേർ പങ്കെടുത്തു. റോയിക്ക് സീറ്റ് ലഭിച്ചില്ലെങ്കിൽ 15 ഡി.സി.സി സെക്രട്ടറിമാർ, 46 ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാർ, 29 മണ്ഡലം പ്രസിഡന്റുമാർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ രാജിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട റോയ് കെ. പൗലോസ് പാർട്ടി തന്നോട് നീതികേട് കാണിക്കില്ലെന്നും ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും പറഞ്ഞു. മൂവാറ്റുപുഴ, പീരുമേട്, കോതമംഗലം സീറ്റുകളിൽ തന്നെ പരിഗണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം പ്രശ്നം കെ.പി.സി.സിക്ക് റിപ്പോർട്ട് ചെയ്യുമെന്നും നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.






