കോഴിക്കോട്- മുസ്ലിംലീഗിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ നേട്ടം കൊയ്ത് കോഴിക്കോട് ജില്ല. രണ്ട് പേർ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലും ഒരാൾ പാലക്കാട് ജില്ലയിൽ ഒരിടത്തും സ്ഥാനാർഥികളായി. കാൽ നൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാർഥിയും കോഴിക്കോടിന് സ്വന്തം.
ജില്ലയിലെ കുന്ദമംഗലം സ്വദേശിയായ യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന് താനൂരിലും ഉണ്ണികുളം സ്വദേശിയായ നജീബ് കാന്തപുരത്തിന് പെരിന്തൽമണ്ണയിലും അവസരം ലഭിച്ചു. കുന്നമംഗലത്തുകാരൻ തന്നെയായ യു.സി.രാമൻ പാലക്കാട് കോങ്ങാട്ട് ജനവിധി തേടും. കോഴിക്കോട് ബാറിലെ അഭിഭാഷകയും മുൻ നഗരസഭാംഗവുമായ അഡ്വ. നൂർബീനയെ കോഴിക്കോട് സൗത്തിലാണ് മത്സരത്തിനിറക്കിയത്. കോൺഗ്രസിന്റെ യുവ നേതാവ് മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ദിനേശ് പെരുമണ്ണയെ കുന്ദമംഗലത്ത് സ്ഥാനാർഥിയാക്കിയതാണ് ലീഗ് പട്ടികയിലെ മറ്റൊരു നീക്കം.
മുസ്ലിംലീഗിലെ കാലു വാരൽ കാരണം നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ദൗത്യം ഏറ്റെടുത്താണ് ഡോ.എം.കെ മുനീർ കോഴിക്കോട് സൗത്തിൽ നിന്ന് കൊടുവള്ളിയിലേക്ക് മാറിയത്. മുസ്ലിം ലീഗിന്റെ സ്ഥാനാർഥികളിൽ വനിത ഉണ്ടാകുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നെങ്കിലും പിന്നീട് ചില കോണുകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് അത് ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകളും വന്നു. 1996ലാണ് ലീഗിന് വേണ്ടി ഖമറുന്നീസ അൻവർ കോഴിക്കോട് സൗത്തിൽ ജനവിധി തേടിയത്. അന്ന് 8,766 വോട്ടിന് ജയിച്ചത് സി.പി.എമ്മിലെ എളമരം കരീമാണ്.
വനിതാ ലീഗിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ അഡ്വ.നൂർബിന ഇപ്പോൾ വനിതാലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. കേരള വനിതാ കമ്മീഷൻ അംഗമായും കോഴിക്കോട് നഗരസഭാംഗമായും നൂർബീന പ്രവർത്തിച്ചിട്ടുണ്ട്. കുറ്റിയാടിയിലെ പാറക്കൽ അബ്ദുല്ലയുടെ സ്ഥാനാർഥിത്വത്തിൽ ആദ്യം മുതലേ ഇളക്കമുണ്ടായിരുന്നില്ല. അതേ സമയം തിരുവാമ്പാടിയിൽ ഇക്കുറി ലീഗ് സ്ഥാനാർഥിയുണ്ടാകുമോ എന്നതു പോലും സംശയത്തിലായിരുന്നു. മണ്ഡലത്തിലെ കൊടിയത്തൂർ പഞ്ചായത്തുകാരനായ സി.പി.ചെറിയ മുഹമ്മദ് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. മണ്ഡലത്തിലെ ആനയാംകുന്ന് സ്കൂളിലെ പ്രിൻസിപ്പലായാണ് ഇദ്ദേഹം റിട്ടയർ ചെയ്തത്.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ദിനേശ് പെരുമണ്ണ പന്തീരാങ്കാവിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. കോൺഗ്രസിൽ കെ. മുരളീധരന്റെ അടുത്ത അനുയായിയായ ദിനേശ് കുന്നമംഗലം മണ്ഡലത്തിലെ പെരുമണ്ണ സ്വദേശിയാണ്. നേരത്തെ കുന്നമംഗലത്ത് കോൺഗ്രസ് പ്രവർത്തകനായ യു.സി.രാമനെ മുസ്ലിംലീഗ് സ്ഥാനാർഥിയാക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് സംവരണ മണ്ഡലമായിരുന്നു കുന്നമംഗലം. ദലിത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായ യു.സി.രാമൻ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്.
ജില്ലയിൽ ലീഗിന് ഒരു മണ്ഡലം അധികം ലഭിക്കുമെന്ന സൂചനയുണ്ട്. എൽ.ജെ.ഡിയും കേരള കോൺഗ്രസ് മാണിയും മുന്നണി വിട്ടതിനാൽ യു.ഡി.എഫിൽ അധികം വന്നത് മൂന്നു മണ്ഡലങ്ങളാണ്. ഇതിൽ വടകര ആർ.എം.പി.ക്കും എലത്തൂർ മാണി സി കാപ്പന്റെ പാർട്ടിക്കും നൽകി. ശേഷിക്കുന്നത് വടകരയാണ്. സി.എം.പി. നേതാവ് സി.പി. ജോണിന് മെച്ചപ്പെട്ട ഒരു മണ്ഡലം അനുവദിക്കുക ലീഗിന് നീക്കി വെച്ച സീറ്റിൽ നിന്നാണെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കിൽ പേരാമ്പ്ര സി.പി.ജോണിനാവും.-






