ഇബ്രാഹിം കുഞ്ഞിന്റെ പിൻമാറ്റം നിയമ പ്രശ്‌നങ്ങൾ മൂലം

അബ്ദുൾ ഗഫൂർ

കൊച്ചി - കളമശ്ശേരിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വ. വി ഇ അബ്ദുൾ ഗഫൂറിനെ സ്ഥാനാർഥിയാക്കി ഇലക്കും മുള്ളിനും കേടില്ലാതെ തർക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ലീഗ് നേതൃത്വം ശ്രമിച്ചത്. ഇബ്രാഹിം കുഞ്ഞിനെ സ്ഥനാർഥിയാക്കുന്നതിന് എല്ലാ സാധ്യതകളും മുന്നിലുണ്ടായിരുന്നുവെങ്കിലും പാലാരിവട്ടം പാലം അഴിമതിക്കേസിൽ അർബുദ ബാധിതനായി ഗുരുതര നിലയിലാണെന്ന് കോടതിയെ ബോധിപ്പിച്ച് ജാമ്യത്തിലിറങ്ങിയ ഇബ്രാഹിംകുഞ്ഞ് മത്സര രംഗത്തിറങ്ങിയാൽ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാകുകയും ജുഡീഷ്യൽ റിമാൻഡിലാകുകയും ചെയ്യാനുള്ള സാധ്യത മുന്നിലുണ്ടെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ മകനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം വന്നത്. അഭിഭാഷകനായ അബ്ദുൽ ഗഫൂർ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. യുവനേതാവ് എന്ന പ്രതിഛായയും ഗഫൂറിന് തുണയാകുമെന്ന് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നു. 


എന്നാൽ തീരുമാനത്തിൽ ജില്ലയിലെ വിമത വിഭാഗം കടുത്ത അതൃപ്തിയിലാണ്. ടി എ അഹമ്മദ് കബീറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് അവർ ഉയർത്തിയിരുന്നത്. ഇബ്രാഹിം കുഞ്ഞിനു പകരം മകൻ സ്ഥാനാർഥിയായാലും സീറ്റുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്ന പ്രശ്‌നങ്ങൾ പരിഹാരമില്ലാതെ തുടരുമെന്ന സൂചനയാണ് അവർ നൽകുന്നത്. 
അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തെ ഇബ്രാഹിം കുഞ്ഞ് സ്വാഗതം ചെയ്തു. തന്റെ മകൻ എന്ന നിലയിലല്ല പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ഗഫൂറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 


കന്നിയങ്കത്തിന് ഇറങ്ങുന്ന അഡ്വ. വി ഇ അബ്ദുൽ ഗഫൂർ നിലവിൽ മുസ്ലിംലീഗ് എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.  1976 നവമ്പർ 8ന്  വി കെ ഇബ്രാഹിം കുഞ്ഞിന്റെയും നദീറയുടെയും മകനായി ആലങ്ങാട് കൊങ്ങോർപ്പിള്ളിയിൽ ജനിച്ച അബ്ദുൽ ഗഫൂർ സ്‌കൂൾ വിദ്യാഭ്യാസം  പൂർത്തിയാക്കിയത് ശ്രീനാരായണ വനിതാ സമാജം, സെറ്റിൽമെന്റ് സ്‌കൂളുകളിലാണ്.  കളമശ്ശേരി സെന്റ്പോൾസ് കോേളജിൽ നിന്നും പ്രീഡിഗ്രിയും കേരള ലോ അക്കാദമി ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടി ഇദ്ദേഹം 2000 മുതൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2004 മുതൽ 2013 വരെ 8 വർഷം ഹൈക്കോടതിയിൽ കേന്ദ്ര ഗവൺമെന്റ് കോൺസലായിരുന്നു.  


നിയമ വിദ്യാർത്ഥിയായിരിക്കേ തന്നെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്ന് വന്ന ഗഫൂർ മുസ്ലിം യൂത്ത് ലീഗിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായും ആലുവ ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.  ടിസിസി തൊഴിലാളി യൂനിയൻ പ്രസിഡന്റ്, കെഎംഎംഎൽ എസ്ടിയു പ്രസിഡന്റ്, ട്രാക്കോ കേബിൾസ്, കെൽ, എഫ് ഐ ടി എന്നിവിടങ്ങളിലെ തൊഴിലാളി യൂനിയൻ പ്രസിഡന്റായി ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. കായിക രംഗത്തും സജീവമായുണ്ട്.  സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ പ്രസിഡന്റാണ്. ഭാര്യ: ദിലാര. മക്കൾ: റിദ ഫാത്തിമ, വസീം ഖാദർ, റയ ഫാത്തിമ. 

Latest News