- എറണാകുളം ജില്ലയിലെ നാല് സീറ്റുകളിൽ അനിശ്ചിതത്വം
കൊച്ചി- സ്ഥാനാർഥി നിർണയ ചർച്ച ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോൾ എറണാകുളം ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിൽ കോൺഗ്രസ് പിരിമുറുക്കത്തിൽ. തൃപ്പൂണിത്തുറ, വൈപ്പിൻ, മൂവാറ്റുപുഴ, കൊച്ചി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം എവിടെയെല്ലാം പൊട്ടിത്തെറികൾ സൃഷ്ടിക്കുമെന്ന് നിരീക്ഷിച്ചുവരികയാണ് പാർട്ടി നേതൃത്വം. തൃപ്പൂണിത്തുറയിൽ കെ. ബാബുവിന് സീറ്റ് നൽകുന്നതിനെ അനുകൂലിച്ചും എതിർത്തും ഇന്നലെ പ്രകടനങ്ങൾ നടന്നു.
വൈപ്പിനിൽ കെ.പി. ഹരിദാസിന്റെ അനുയായികളായ ഐ.എൻ.ടി.യു.സി പ്രവർത്തകർ ശക്തിപ്രകടനം നടത്തിയാണ് നേതാവിന്റെ സ്ഥാനാർഥിത്വത്തിനായി മുറവിളി ഉയർത്തിയത്. മൂവാറ്റുപുഴയിൽ ജോസഫ് വാഴക്കനോ മാത്യു കുഴൽനാടനോ അതോ ജെയ്‌സൻ ജോസഫോ എന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കുന്നു. സീറ്റ് നിഷേധിക്കപ്പെടുന്നത് ആർക്കായാലും അനുയായികൾ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി നിൽപാണ്. കൊച്ചിയിൽ ടോണി ചമ്മിണിയുടെ പേര് ഏറെക്കുറെ ഉറപ്പിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. തന്റെ നോമിനിക്ക് സീറ്റ് തരപ്പെടുത്തുന്നതിന് ദൽഹിയിൽ തമ്പടിച്ചിട്ടുള്ള പ്രൊഫ. കെ.വി. തോമസ് ഇവിടെ എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്നു കാണണം.
കോൺഗ്രസ് ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് തൃപ്പൂണിത്തുറയിലേക്കാണ്. ഒരു ഘട്ടത്തിൽ കെ. ബാബു മത്സരിക്കാനില്ലെന്ന നിലപാടെടുത്തെങ്കിലും ബാർ കോഴ കേസിൽ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയതോടെ വർധിത വീര്യത്തോടെ മത്സരിക്കാൻ ഒരുങ്ങി നിൽപാണ് അദ്ദേഹം. തന്റെ വിശ്വസ്തന് സീറ്റ് ഉറപ്പിക്കാതെ ഉമ്മൻചാണ്ടി ദൽഹിയിൽനിന്ന് മടങ്ങില്ലെന്നാണ് ബാബുവിന്റെ അനുയായികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ വനിതാ പ്രാതിനിധ്യത്തിന്റെ പ്രശ്‌നവും മണ്ഡലത്തിൽ ഉയരുന്ന എതിർപ്പും കണക്കിലെടുത്ത് സൗമിനി ജെയിനെ സ്ഥാനാർഥിയാക്കാൻ ഒരു വിഭാഗം ശക്തമായി ചരടുവലിക്കുന്നു. ഹൈക്കമാൻഡ് ആർക്കൊപ്പം നിൽക്കുമെന്നതാണ് വലിയ ചോദ്യം.
വൈപ്പിനിൽ തുടക്കം മുതൽ കേട്ട പേര് കെ.പി. ഹരിദാസിന്റേതാണ്. എന്നാൽ യുവനേതാവായ ദീപക് ജോയിയുടെ പേര് ദൽഹിയിൽ ഉയർന്നതോടെ ഹരിദാസിന്റെ അനുയായികൾ തെരുവിലിറങ്ങി. മൂവാറ്റുപുഴ കിട്ടിയേ തീരൂ എന്ന വാശിയിൽ നിൽക്കുന്ന ജോസഫ് വാഴക്കന് വേണ്ടി രമേശ് ചെന്നിത്തല ആഞ്ഞുപിടിക്കുന്നുണ്ട്. എന്നാൽ ദൽഹിയിൽ നേരിട്ട് പിടിപാടുള്ള മാത്യു കുഴൽനാടന് എവിടെയെങ്കിലും സ്ഥാനാർഥിത്വം ലഭിക്കുമെന്ന് ഉറപ്പാണ്. ചാലക്കുടിയിൽ പരിഗണിക്കുന്നുണ്ടെങ്കിലും അവിടെ എതിർപ്പ് അതിരൂക്ഷമാണ്. മൂവാറ്റുപുഴയിലാണ് കുഴൽനാടന് താൽപര്യം. തീരുമാനം എന്തായാലും മൂവാറ്റുപുഴയിൽ പൊട്ടലും ചീറ്റലും ഉറപ്പാണ്.
സ്ഥാനാർഥി നിർണയത്തിൽ ഇത്തരം പൊട്ടിത്തെറികൾ കോൺഗ്രസിൽ പതിവാണെന്നും അത് വിജയസാധ്യതയെ ബാധിക്കാറില്ലെന്നും മുൻ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇക്കുറി ഇത്തരം പൊട്ടിത്തെറികളുണ്ടാകുന്നത് ഒഴിവാക്കാൻ മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങാനാണ് തീരുമാനം.






