തായിഫ് - റിയാദ്, തായിഫ് റോഡില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ട്രെയിലറിനു മുന്നില്‍ ചാടി ജീവനൊടുക്കി. റോഡു സൈഡില്‍ നിര്‍ത്തിയിട്ട കാറില്‍ തീ പടര്‍ന്നുപിടിച്ചത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ വാഹനങ്ങള്‍ നിര്‍ത്തി ഓടിയെത്തിയപ്പോള്‍ കാറിന്റെ മുന്‍സീറ്റില്‍ യുവതിയെ കണ്ടെത്തി. ആളുകള്‍ ചേര്‍ന്ന് യുവതിയെ സാഹസികമായി കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കി. എന്നാല്‍ ചേതനയറ്റ നിലയിലാണ് യുവതിയെ ഇവര്‍ കണ്ടെത്തിയത്.
ഈ സമയത്താണ് യുവതിയുടെ ഭര്‍ത്താവ് ട്രെയിലറിനു മുന്നില്‍ ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശശുപത്രിയില് വെച്ച് അന്ത്യശ്വാസം വലിച്ചു. യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കുന്നതിന് ഭര്‍ത്താവ് കാറിന് തീയിടുകയായിരുന്നെന്നാണ് കരുതുന്നത്. കാറിനു സമീപത്തായി കുടുംബം ഇരുന്നിരുന്ന വിരിപ്പില്‍ ഒന്നര വയസും രണ്ടു മാസവും വീതം പ്രായമുള്ള ദമ്പതികളുടെ കുട്ടികളെ കണ്ടെത്തി. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.






