ജനകീയ മെസേജിംഗ് ആപ്പായ വാട്സാപ്പ് ചില മികച്ച ഫീച്ചറുകള്‍ കൊണ്ടുവരാനുളള ശ്രമത്തിലാണ്. ഫേസ്ബുക്ക് ഉടമസ്ഥതയിലായ ശേഷം മറ്റൊരു സമൂഹമാധ്യമ ആപ്പായ ഇന്‍സ്റ്റഗ്രാമിലെ ഷോട്ട് വീഡിയോ ഫീച്ചറായ റീല്‍സ് ഉള്‍പ്പെടുത്താനും വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ മറ്റ് സമൂഹ മാധ്യമങ്ങളില്‍ കാണാവുന്ന സംവിധാനം കൊണ്ടുവരാനുമുളള അണിയറ പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തുകയാണ്. ഇതിനൊപ്പം രസകരമായ മറ്റൊരു ഫീച്ചറും ഉള്‍പ്പെടുത്താനുളള ശ്രമത്തിലാണ് വാട്സാപ്പ്.
വാട്സാപ്പില്‍ സാധാരണയായി അയക്കാറുളള ശബ്ദസന്ദേശങ്ങളുടെ വേഗം വര്‍ധിപ്പിക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്നതാണ് വരാന്‍ പോകുന്ന പുതിയൊരു ഫീച്ചര്‍. നിലവിലെതിനെക്കാള്‍ 2x സ്പീഡ് വര്‍ധിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സ്പീഡിലെ വ്യതിയാനം വരുത്തുന്നത് സമൂഹമാധ്യമങ്ങളില്‍ ആദ്യ സംഭവമല്ല. ടെലഗ്രാം ഈ പ്രത്യേകത 2018ല്‍ തന്നെ കൊണ്ടുവന്നതാണ്. എന്നാല്‍ വാട്സാപ്പ് കൊണ്ടുവരുന്ന ഫീച്ചറില്‍ ഏതെല്ലാം തരത്തിലുളള മാറ്റമാണ് ഉണ്ടാകുകയെന്ന് കാത്തിരുന്ന് കാണണം. കമ്പനി ഇതിനെക്കുറിച്ച് സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല എന്നത് തന്നെ കാരണം. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.