കല്‍പറ്റ-വനിതാ സിവില്‍ എക്‌സൈസ് ഓഫീസറോടു അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡപ്യൂട്ടി കമ്മീഷണര്‍ക്കു സസ്‌പെന്‍ഷന്‍. വയനാട് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ടി.കെ.അഷ്‌റഫിനെയാണ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഓഫീസ് പരിശോധനയ്ക്കു കല്‍പറ്റ എക്‌സൈസ് റേഞ്ച് ഓഫീസിലെത്തിയ ഡപ്യൂട്ടി കമ്മീഷണര്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നായിരുന്നു കീഴ്ജീവനക്കാരിയുടെ പരാതി.
കഴിഞ്ഞയാഴ്ചയായിരുന്നു പരാതിക്കു ആധാരമായ സംഭവം. ഡപ്യൂട്ടി കമ്മീഷണര്‍ പരിശോധനയ്ക്കു എത്തിയപ്പോള്‍ കീഴ്ജീവനക്കാരി മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു വകുപ്പു മന്ത്രിക്കു സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പരാതി നല്‍കിയിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും ഡ്രസ്‌കോഡ് ശരിയാക്കുന്നതിനു ബെല്‍റ്റിന്റെ ബക്കിള്‍ നേരേയാക്കുക മാത്രമാണ് ചെയ്തതെന്നും ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അവകാശപ്പെട്ടിരുന്നു.






