'71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ ബിജപി എങ്ങനെ ഭരിക്കും?  അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം'- പിണറായി വിജയന്‍

കണ്ണൂര്‍- തെരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പി കേരളം ഭരിക്കുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍ വിശ്വാസമുണ്ടെന്നതാണ് ഈ പരാമര്‍ശത്തിനു കാരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ വ്യക്തമാക്കിയത്. 'ബി.ജെ.പിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ അങ്ങ് ഉണ്ടാക്കിക്കോളും. ഭരണത്തില്‍ വന്നോളുമെന്ന്. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും. അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം' പിണറായി പരിഹസിച്ചു.'തങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഈ ഫിക്‌സഡ് ഡിപ്പോസിറ്റുകളെ അയക്കണോയെന്ന് കേരളത്തിലെ യു.ഡി.എഫിനെ പിന്താങ്ങുന്ന ജനങ്ങള്‍ തന്നെ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ വഞ്ചിതരായിക്കൂടാ എന്ന് അവര്‍ ആഗ്രഹിക്കുകയാണ്' മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നതായിരുന്നു കെ സുരേന്ദ്രന്റെ പ്രസ്താവന. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 71 സീറ്റു വേണ്ട. ധര്‍മടം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും സുരേന്ദ്രന്‍ ദല്‍ഹിയില്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയിലെത്തിയതാണ് സുരേന്ദ്രന്‍.നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. അവിടെ ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള കരുത്തരായ സ്ഥാനാര്‍ഥികളെ സ്വാഗതം ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest News