Sorry, you need to enable JavaScript to visit this website.

ഫസല്തീന്‍ കുട്ടികളെ തടവിലാക്കി ഇസ്രായില്‍ 

ജറുസലേം-  ഫലസ്തീനികളുടെ ഭൂമി കൈയേറി ആക്രമണം നടത്തുന്ന ഇസ്രായില്‍  സൈനികര്‍ കുട്ടികളെ പോലും വെറുതെ വിടുന്നില്ല. ഇസ്രായില്‍ സൈനികര്‍ കുട്ടികളെ ബലമായി പിടിച്ചു കൊണ്ടുപോകുന്ന വീഡിയോ ഇസ്രായില്‍  ആസ്ഥാനമായുള്ള മനുഷ്യാവാകാശ സംഘടനയായ ബി'സെലെം പുറത്തുവിട്ടു .8 വയസ്സിനും 12 നും ഇടയില്‍ പ്രായമുള്ള അഞ്ച് കുട്ടികളെയാണ് യന്ത്രത്തോക്കുകളേന്തിയ ഇസ്രായേല്‍ സൈനികര്‍ പിടിച്ചുകൊണ്ടുപോയത്. ഹവാത് മവോണ്‍ ഔട്ട്‌പോസ്റ്റിനു സമീപം കാട്ടുപച്ചക്കറികള്‍ ശേഖരിക്കുന്നതിനിടയിലാണ് സൈനികര്‍ കുട്ടികളെ കസ്റ്റഡിയിലെടുത്തത്. ചെറിയ കുട്ടിയെ പിടിച്ചുകൊണ്ടു പോകുമ്പോള്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ കുട്ടിയെ രക്ഷപ്പെടുത്താനെത്തിയ മറ്റൊരു കുട്ടിയെയും സൈനികര്‍ പിടികൂടുന്നുമുണ്ട്. പിന്നീട് ഇരുവരെയും സൈനിക വാഹനത്തിലേക്ക് തള്ളുമ്പോഴും കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്.
വീഡിയോ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മനുഷ്യാവകാശ സംഘടനകളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഇസ്രായലിനു നേരെ ഉയര്‍ന്നത്. ഇതോടെ ചെറിയ രണ്ട് കുട്ടികളെ മോചിപ്പിക്കാന്‍ സൈന്യം നിര്‍ബന്ധിതരായി. എല്ലാ വര്‍ഷവും നൂറുകണക്കിന് പലസ്തീന്‍ കുട്ടികളെയാണ് ഇസ്രായില്‍  അറസ്റ്റ് ചെയ്യുന്നത്. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ച് കുട്ടികളെ സൈനിക കോടതികളില്‍ വിചാരണ ചെയ്യുന്ന ലോകത്തെ ഏക രാജ്യമാണ് ഇസ്രായില്‍. സൈനികര്‍ക്കു നേരെ കല്ലെറിഞ്ഞു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് കുട്ടികള്‍ക്കെതിരെ ചുമത്താറുള്ളത്. മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍, മാനസിക പീഡനം, ആഴ്ചകളോളം ഏകാന്തതടവില്‍ അടക്കുക, തുടങ്ങിയ മനുഷ്യത്വരഹിതമായ നടപടികളാണ് ഇസ്രായില്‍സൈനികര്‍ കസ്റ്റഡിയിലുള്ള കുട്ടികളോട് കാണിക്കുന്നത്. നിലവില്‍ 190 ഫലസ്തീന്‍ കുട്ടികളാണ് ഇസ്രായിലിലെ തടവറകളിലുള്ളത്.

 

Latest News