കൽപറ്റ സീറ്റിൽ അഡ്വ. പി.ഡി. സജി സജീവ പരിഗണനയിൽ; വയനാട്ടിൽ ഐ ഗ്രൂപ്പ് ഇടയുന്നു

കൽപറ്റ- നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ കൽപറ്റ മണ്ഡലം സ്ഥാനാർഥിയായി എ ഗ്രൂപ്പിൽനിന്നുള്ള അഡ്വ. പി.ഡി. സജി എ.ഐ.സി.സിയുടെ സജിവ പരിഗണനയിൽ. സ്ഥാനാർഥി സാധ്യതാപട്ടികയിൽ പ്രഥമ സ്ഥാനത്തായിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിനെ സാമുദായിക സന്തുലനം കണക്കിലെടുത്തു മറ്റൊരു മണ്ഡലത്തിലേക്കു മാറ്റാനും സജിയെ കൽപറ്റയിൽ സ്ഥാനാർഥിയാക്കാനുമാണ് ഉന്നതതലത്തിൽ നീക്കം. എ ഗ്രൂപ്പ് നേതാവ് ഉമ്മൻചാണ്ടി ഇതിനു പച്ചക്കൊടി കാട്ടിയതാണ് അറിയുന്നത്. ഇന്നു വൈകുന്നേരമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം. പുൽപള്ളി സ്വദേശിയാണ് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ സജി. നിലവിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്. കൽപറ്റ മണ്ഡലത്തിൽ എ ഗ്രൂപ്പ് പ്രതിനിധിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം ജില്ലയിൽ ഐ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കയാണ്. സ്ഥാനാർഥി പ്രഖ്യാപനം കഴിയുമ്പോൾ പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നു ഐ ഗ്രൂപ്പ് നേതാക്കളിൽ ചിലർ പറഞ്ഞു. ജില്ലയിൽനിന്നുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, ജനറൽ സെക്രട്ടറി പി.കെ. ജയലക്ഷ്മി എന്നിവർ എ വിഭാഗത്തിൽനിന്നുള്ളവരാണ്. ജില്ലയിൽ ഐ ഗ്രൂപ്പിലുള്ള ഒരു നേതാവും തത്തുല്യ പദവികളിൽ ഇല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, ഐ.എൻ.ടിയു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമൽ ജോയി എന്നിവരും എ വിഭാഗക്കാരാണ്. 


ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞടുപ്പുകളിൽ ഐ ഗ്രൂപ്പിൽനിന്നുള്ളവരാണ് കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചുവന്നിരുന്നത്. പിന്നീട് ചിത്രം മാറുകയായിരുന്നു. നിലവിൽ ജില്ലയിലെ മണ്ഡലങ്ങളിൽ മാനന്തവാടിയും ബത്തേരിയും പട്ടികവർഗത്തിനു സംവരണം ചെയ്തതാണ്. കൽപറ്റയാണ് ഏക ജനറൽ മണ്ഡലം. ഇവിടെ ജനവിധി തേടാനുള്ള അവസരവും എ ഗ്രൂപ്പിനു നൽകുന്നതിലാണ് ഐ ഗ്രൂപ്പിനു അമർഷം. നേതൃത്വത്തിന്റെ അവണന ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിൽ വിപരീത ഫലത്തിനു കാരണമാകുമെന്നു അടക്കം പറയുന്നവരും ഐ ഗ്രൂപ്പിലുണ്ട്. 

 

Latest News