റിയാദ് - അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിനു നേരെ ഹൂത്തികള്‍ തൊടുത്ത മിസൈല്‍ തകര്‍ത്തു. വ്യാഴാഴ്ച രാത്രി 8.20 നാണ് ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം മിസൈല്‍ തകര്‍ത്തു. മിസൈല്‍ തകര്‍ന്നുവീണ് ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകള്‍ ഹൂത്തി മിലീഷ്യകള്‍ അടക്കമുള്ള ഭീകര സംഘടനകളുടെ നിയന്ത്രണത്തിലാകുന്നത് മേഖലാ, ആഗോള സുരക്ഷക്ക് ഭീഷണിയാണ്. നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണങ്ങള്‍ തുടരുന്നത് യു.എന്‍ രക്ഷാ സമിതി 2216-ാം പ്രമേയം ലംഘിച്ച് യെമനിലേക്ക് ആയുധങ്ങള്‍ കടത്തുന്നത് തുടരുന്നതിന് ഏറ്റവും വലിയ തെളിവാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
അതേസമയം, മേഖലയിലെ ഇറാന്‍ ഇടപെടലുകളെ കുറിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വിശകലനം ചെയ്തതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. മേഖലയെ അസ്ഥിരപ്പെടുത്തുന്നതിന് ഇറാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സൗദി അറേബ്യക്കുള്ള ആശങ്ക ബ്രിട്ടന്‍ പങ്കുവെക്കുന്നതായും തെരേസ മേ പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി അമ്മാനിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
റിയാദ് എയര്‍പോര്‍ട്ടിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമമുണ്ടായതിനെ തുടര്‍ന്ന് യെമന്റെ മുഴുവന്‍ അതിര്‍ത്തികളും കഴിഞ്ഞ മാസം ആദ്യം സഖ്യസേന അടച്ചിരുന്നു. റിയാദ് എയര്‍പോര്‍ട്ടില്‍ പതിക്കുന്നതിനു തൊട്ടുമുമ്പാണ് അന്ന് മിസൈല്‍ സൗദി സൈന്യം നിര്‍വീര്യമാക്കിയത്. യെമന്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും തുറന്ന സഖ്യസൈന്യം ദിവസങ്ങള്‍ക്കു മുമ്പാണ് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സന്‍ആ എയര്‍പോര്‍ട്ടും അല്‍ഹുദൈദ തുറമുഖവും തുറക്കുന്നതിന് അനുമതി നല്‍കിയത്. ഇറാനാണ് ഹൂത്തികള്‍ക്ക് ബാലിസ്റ്റിക് മിസൈല്‍ നല്‍കുന്നതെന്നും അല്‍ഹുദൈദ തുറമുഖം വഴിയാണ് ഇറാനില്‍നിന്ന് ഹൂത്തികള്‍ക്ക് ആയുധം കടത്തിനല്‍കുന്നതെന്നും സൗദി അറേബ്യയും സഖ്യസേനയും കുറ്റപ്പെടുത്തുന്നു.