അശ്ലീല ഉള്ളടക്കം; പാക്കിസ്ഥാനില്‍ വീണ്ടും ടിക് ടോക്ക് നിരോധിക്കുന്നു

പെഷാവര്‍-അശ്ലീല ഉള്ളടക്കത്തെ കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് ഹ്രസ്വ വിഡിയോ ആപ്പായ ടിക്‌ടോക് നിരോധിക്കാന്‍ പാക്കിസ്ഥാന്‍ കോടതിയുടെ ഉത്തരവ്.

കോടതി ഉത്തരവ് പ്രകാരം ടിക് ടോക്കിനു നിരോധം ഏര്‍പ്പെടുത്തുമെന്ന് പാക്കിസ്ഥാന്‍ ടെലിക്കോം അതോറിറ്റി വക്താവ് പറഞ്ഞു.
വടക്കുപടിഞ്ഞറാന്‍ സിറ്റിയായ പെഷാവറിലെ ഹൈക്കോടതിയാണ് സ്വകാര്യ പരാതിയെ തുടര്‍ന്ന് നിരോധനത്തിനു നിര്‍ദേശം നല്‍കിയതെന്ന് ടെലിക്കോം അതോറിറ്റി വക്താവ് ഖുര്‍റം മെഹ്്‌റാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സമുഹ മാധ്യമ ആപ്പിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നതിനെതിരെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടതെന്ന് ടെലിക്കോം അതോറിറ്റിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷന്‍ ജെഹ്നാസെബ് മെഹ്‌സൂദ് പറഞ്ഞു.
 
ടിക് ടോക് ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായി അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിന് ടിക് ടോക്കിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് കമ്പനിയുടെ പാക്കിസ്ഥാനിലെ പ്രതിനിധി കോടതിയില്‍ വാദിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ പാക്കിസ്ഥാനില്‍ ടിക് ടോക്ക് നിരോധിച്ചിരുന്നുവെങ്കിലും പത്ത് ദിവസത്തിനകം പിന്‍വലിച്ചിരുന്നു. വാട്‌സ് ആപ്പും ഫേസ് ബുക്കും കഴിഞ്ഞാല്‍ ടിക് ടോക്കാണ് പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്.

 

Latest News