റാന്നിയിൽ പ്രമോദ് നാരായണന് കാര്യങ്ങൾ എളുപ്പമാകില്ല

സി.പി.എം നിസ്സഹകരണത്തിന് പുറമെ കേരളാ കോൺഗ്രസിന്റെ എതിർപ്പുമുയരും

പത്തനംതിട്ട- കേരളാ കോൺഗ്രസ് എം സ്ഥാനാർഥിയായി റാന്നിയിൽ മത്സരിക്കാനെത്തുന്ന പ്രമോദ് നാരായണനെ കാത്തിരിക്കുന്നത് റാന്നിയിലെ സി.പി.എമ്മിന്റെ നിസ്സഹകരണവും ജില്ലയിലെ കേരളാ കോൺഗ്രസിന്റെ എതിർപ്പും. ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം റാന്നി സി.പി.എമ്മിൽ നിന്നും ഘടകകക്ഷിയായ കേരളാ കോൺഗ്രസിന് നൽകിയതിൽ സി.പി.എമ്മിൽ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. റാന്നിയിൽ സ്ഥാനാർഥിയായി കേരളാ കോൺഗ്രസ് എം. ജില്ലാ പ്രസിഡന്റ് എൻ.എം രാജു ഉറപ്പിച്ച സീറ്റാണ് അവസാന നിമിഷം പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ വിശ്വസ്തനായ പ്രമോദ് നാരായണന് നൽകിയത്. കുറ്റിയാടിയിൽ മുഹമ്മദ് ഇക്ബാലിനും റാന്നിയിൽ പ്രമോദ് നാരായണനും നൽകി തന്റെ പാർട്ടിക്ക് മതേതര മുഖം നൽകുകയായിരുന്നു ജോസ് കെ മാണി.

നൂറനാട് പാലമേൽ സ്വദേശിയായ പ്രമോദ് നാരായണൻ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എസ്.എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം,യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമായി ജി സുധാകരനുമായി ഏറ്റുമുട്ടി അവസാനം സി.പി.എം വിട്ടു.

തുടർന്ന് നൂറനാട്ടിൽ കോൺഗ്രസ് നേതാവുമായി ചേർന്ന് വിദ്യാഭ്യാസ സ്ഥാപനവും ആരംഭിച്ചു. ഇതിനിടിയിൽ രമേശ് ചെന്നിത്തലയുമായി അടുത്തു. അദ്ദേഹത്തിന്റെ വിശ്വസ്തനുമായി. ആ കാലയളവിൽ രമേശ് ചെന്നിത്തല പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ അണിയറ ശിൽപ്പിയുമായി.രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫിലെ പ്രധാനി ആകാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. എങ്കിലും രമേശിന്റെ വിശ്വസ്തനായി തുടർന്നു.
കോൺഗ്രസ് നേതാക്കൾക്കെതിരെ ഹൈക്കമാൻഡിനയച്ച ഇമെയിൽ വിവാദത്തിലെ സൂത്രധാരൻ ആയിരുന്നു ഇയാൾ. ചെന്നിത്തല അറിയാതെ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും ഇ മെയിൽ അയച്ചതിനു പിന്നിൽ പ്രമോദ് നാരായണനാണെന്നായിരുന്നു സംശയം. അതിന്റെ പേരിൽ  രമേശ് ചെന്നിത്തല പുറത്താക്കി. പിന്നീട് ജോസ് കെ.മാണിക്കൊപ്പം ചേർന്നു.സരിത വിഷയത്തിൽ ജോസ് കെ .മാണിയെ രക്ഷിച്ചെടുത്തതിനു പിന്നിൽ പ്രമോദ് നാരായണനായിരുന്നുവെന്ന വിവാദവും നേരിട്ടിരുന്നു.

ജോസ് കെ മാണിക്കൊപ്പം കൂടിയ പ്രമോദ് പിന്നീട് സംഘടനയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. ഇക്കാരണങ്ങളാണ് ഇപ്പോൾ സി.പി.എമ്മിനെ പിണക്കി മാണി ഗ്രൂപ്പ് നേടിയ സീറ്റ് പ്രമോദിന് നൽകാൻ കാരണമായതെന്ന് കേരളാ കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു.ജോസ് കെ. മാണി വിഭാഗത്തിന് ജില്ലയിൽ തന്നെ നിരവധി നേതാക്കൾ ഉണ്ടായിട്ടുകൂടി ജില്ലക്ക് പുറത്തു നിന്നുളള പ്രമോദ് റാന്നിയിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ എത്തുന്നതിൽ ജില്ലയിലെ കേരളാ കോൺഗ്രസ് എം നേതൃത്വത്തിൽ ശക്തമായ എതിർപ്പുയരുന്നുണ്ട്. ഇക്കാര്യം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
റാന്നി സീറ്റ് സി.പി.എമ്മിൽ നിന്നും കേരളാ കോൺഗ്രസ് എമ്മിന് നൽകുന്നതിൽ സി.പി.എമ്മിനുളളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. റാന്നിയിലെ 16 ലോക്കൽ കമ്മിറ്റികളും ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയിട്ടുളളത്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് എങ്ങനെ റാന്നി കടക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
 

Latest News