ഇരിക്കൂറിലെ യു.ഡി.എഫ് സ്ഥാനാർഥി: വ്യാപക പ്രതിഷേധം

കോൺഗ്രസ് ബ്ലോക്ക് ഓഫീസുകൾ താഴിട്ടുപൂട്ടി

കണ്ണൂർ-  ഇരിക്കൂറിൽ യു.ഡി.എഫ് സ്ഥാനാർഥി നിർണയം സംബന്ധിച്ച് വ്യാപക പ്രതിഷേധം. കോൺഗ്രസ്  ബ്ലോക്ക് ഓഫീസുകൾ താഴിട്ടുപൂട്ടി കരിങ്കൊടിയുയർത്തി. ഐ വിഭാഗത്തിന് സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെ എ വിഭാഗം പ്രവർത്തകരുടെതാണ് പ്രതിഷേധം.
നാൽപതു വർഷത്തോളം തുടർച്ചയായി കെ.സി. ജോസഫ് കൈവശം വെച്ച ഇരിക്കൂർ മണ്ഡലം ജില്ലയിൽ കോൺഗ്രസിന്റെ ഉറച്ച സീറ്റാണ്. ഇത്തവണ കെ.സി. ജോസഫ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പകരം സ്ഥാനാർഥിയെ തേടിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.സജീവ് ജോസഫ്, അഡ്വ.സോണി സെബാസ്റ്റ്യൻ എന്നിവരുടെ പേരുകളാണ് ഉയർന്നു വന്നത്.  ഇതിൽ സോണി സെബാസ്റ്റ്യൻ എ വിഭാഗം പ്രതിനിധിയാണ്. എന്നാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അഡ്വ. സജീവ് ജോസഫിനായി വേണുഗോപാൽ, സ്‌ക്രീനിംഗ് കമ്മിറ്റിയിൽ സമ്മർദ്ദം ചെലുത്തിയെന്ന വിവരം പുറത്തു വന്നതോടെയാണ് എ വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അഡ്വ.സജീവ് ജോസഫിനെതിരെ മുദ്രാവാക്യവുമായി എത്തിയ പ്രവർത്തകർ, ആലക്കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസുകൾ താഴിട്ടുപൂട്ടുകയും ഓഫീസിന് മുന്നിൽ കരിങ്കൊടി സ്ഥാപിക്കുകയും ചെയ്തു.
സജീവ് ജോസഫിനെതിരെ ആലക്കോട്, ശ്രീകണ്ഠപുരം ടൗണുകളിൽ വ്യാപകമായി പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. 'ആരുടെയെങ്കിലും പെട്ടിയും തൂക്കി ദില്ലിയിൽ കറങ്ങി നടക്കുന്നവനെ ഇരിക്കൂറിൽ ആവശ്യമില്ല’എന്നും, സജീവ് ജോസഫിനെ ഇരിക്കൂറിൽ സ്ഥാനാർഥിയാക്കിയാൽ ജില്ലയിലെ യു.ഡി.എഫിന്റെ സമ്പൂർണ പരാജയത്തിന്റെ ഉത്തരവാദിത്തം കെട്ടിയിറക്കുന്നവർക്കായിരിക്കും എന്നുമുള്ള പോസ്റ്ററുകളാണ് വ്യാപകമായി പതിപ്പിച്ചത്. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ.
എ ഗ്രൂപ്പിന്റെ സീറ്റായ ഇരിക്കൂറിൽ കെ.സി.ജോസഫ് നിർദ്ദേശിച്ചത് സോണി സെബാസ്റ്റ്യനെയാണ്. എന്നാൽ ദില്ലിയിൽ സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് മാറ്റം സംഭവിച്ചത്. സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കിയാൽ വിമത സ്ഥാനാർഥിയെ നിർത്തുമെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്.
 

Latest News