മലപ്പുറം- മലപ്പുറം ജില്ലയിലെ കമ്യൂണിസ്റ്റ് തുരുത്തുകളിലൊന്നായ പെരിന്തൽമണ്ണ മണ്ഡലത്തിലെ വോട്ടർമാർ അട്ടിമറി വിജയങ്ങളുടെ ശബ്ദം തെരഞ്ഞെടുപ്പ് കാലത്ത് കാതോർത്തിരിക്കുന്നവരാണ്. കമ്യൂണിസ്റ്റ് ആചാര്യൻമാരുടെ നാടാണ് പെരിന്തൽമണ്ണ. എന്നാൽ മണ്ഡലം കുത്തകയാക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആദ്യ കാലങ്ങളിലെ വിജയം നിലനിർത്താൻ കഴിയാതെ തെരഞ്ഞെടുപ്പുകളിൽ തലനാരിഴക്ക് പരാജയം ഏറ്റുവാങ്ങുകയാണ് സി.പി.എം. നേർത്തു നേർത്തു വരുന്ന ഭൂരിപക്ഷ കണക്കുകൾ ഇവിടെ മുസ്്‌ലിം ലീഗിനെയും ആശ്വസിപ്പിക്കുന്നില്ല. ഇത്തവണയും അട്ടിമറിയുടെ സൂചനകൾ ഉയരുന്നുണ്ട്.
കേരള പിറവിയുടെ കാലം തൊട്ട് പഴക്കമുള്ളതാണ് പെരിന്തൽമണ്ണ മണ്ഡലം. 1957 ലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പി.ഗോവിന്ദൻ നമ്പ്യാരാണ് വിജയിച്ചത്. 1960 ലെ തെരഞ്ഞെടുപ്പിൽ ഇ.പി.ഗോപാലനിലൂടെ സി.പി.ഐ വിജയം ആവർത്തിച്ചു. 67 ൽ സി.പി.എം സ്ഥാനാർഥിയായി മൽസരിച്ച പാലോളി മുഹമ്മദ് കുട്ടി വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. 70 ലെ തെരഞ്ഞെടുപ്പ് അട്ടിമറിയുടേതായിരുന്നു. കെ.കെ.എസ്.തങ്ങളിലൂടെ മണ്ഡലം മുസ്്‌ലിം ലീഗ് പിടിച്ചെടുത്തു. പിന്നീട് നടന്ന നാലു തെരഞ്ഞെടുപ്പിലും കെ.കെ.എസ്. തങ്ങൾ വിജയം ആവർത്തിച്ചു. 1980 ൽ നാലകത്ത് സൂപ്പിയിലൂടെ മണ്ഡലം മുസ്്‌ലിം ലീഗ് നിലനിർത്തി.തുടർച്ചയായ ആറ് തെരഞ്ഞെടുപ്പികളിലാണ് നാലകത്ത് സൂപ്പി ഇവിടെ വിജയം ആവർത്തിച്ചത്. മുസ്്‌ലിം ലീഗിന്റെ വിജയകുതിപ്പിന് 2006 ലാണ് സി.പി.എം തടയിട്ടത്. വി.ശശികുമാറിന്റെ അട്ടിമറി വിജയം മണ്ഡലത്തെ വീണ്ടും സി.പി.എമ്മിന്റെ കൈകളിലെത്തിച്ചു. എന്നാൽ ഈ വിജയം നിലനിർത്താൻ അവർക്കായില്ല. അതുവരെ ഇടതുമുന്നണിക്കൊപ്പമായിരുന്ന മഞ്ഞളാംകുഴി അലി ലീഗിലെത്തിയതോടെ മണ്ഡലം വീണ്ടും മുസ്്‌ലിം ലീഗിന്റെ കൈകളിലെത്തി. 2011, 2016 തെരഞ്ഞെടുപ്പുകളിൽ മഞ്ഞളാംകുഴി അലിയിലൂടെ മുസ്്‌ലിം ലീഗ് പതാക പെരിന്തൽമണ്ണയിൽ പാറി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 579 വോട്ടുകൾക്കായിരുന്നു അലിയുടെ വിജയം.
പെരിന്തൽമണ്ണ നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്നതാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലം.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച പ്രകടനമാണ് ഈ മേഖലയിൽ കാഴ്ചവെച്ചിട്ടുള്ളത്.
പെരിന്തൽമണ്ണ നഗരസഭയിൽ ഇടതുപക്ഷം 17 സീറ്റുകളിൽ വിജയിച്ചപ്പോൾ യു.ഡി.എഫിന് ലഭിച്ചത് ഒമ്പത് ഡിവിഷനുകളാണ്.
ഇടതുമുന്നണിക്ക് വേണ്ടി പാർട്ടി നേതാക്കൾ നേരിട്ട് മൽസരിക്കാറുള്ള പെരിന്തൽമണ്ണയിൽ ഇത്തവണ വേറിട്ട തന്ത്രമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. മുൻ മുസ്്‌ലിം ലീഗ് നേതാവും ബിസിനസുകാരനുമായ കെ.പി. മുഹമ്മദ് മുസ്തഫയെയാണ് സ്ഥാനാർഥിയാക്കിയത്. മലപ്പുറം നഗരസഭയുടെ മുൻ ചെയർമാനായിരുന്ന മുസ്തഫ അടുത്തിടെയാണ് ലീഗിൽ നിന്ന് രാജിവെച്ചത്. മുസ്തഫക്ക് സ്ഥാനാർഥിത്വം നൽകിയത് സംബന്ധിച്ച് പെരിന്തൽമണ്ണ മണ്ഡലത്തിലെ സി.പി.എം പ്രവർത്തകർക്കിടയിൽ വിമർശനങ്ങളുണ്ടെങ്കിലും നേതൃത്വം അത് ചെവികൊണ്ടിട്ടില്ല. ബിസിനസുകാരനായ മുസ്തഫക്ക് പാർട്ടി സീറ്റ് വിൽപ്പന നടത്തിയെന്നതാണ് പ്രധാന ആരോപണം. എന്നാൽ ഇതൊന്നും വകവെക്കാതെ കെ.പി.മുസ്തഫ മണ്ഡലത്തിൽ പ്രചാരണപരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. യു.ഡി.എഫിന് വേണ്ടി മുസ്്‌ലിം ലീഗ് ആരെയാണ് കളത്തിലിറക്കുകയെന്ന് ഉടൻ അറിയാം.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരിന്തൽമണ്ണയിലെ വോട്ടർമാർ ഇതോടൊപ്പം നടക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തും.
വോട്ടുനില 2016
മഞ്ഞളാംകുഴി അലി (മുസ്്‌ലിം ലീഗ്)- 70990
വി.ശശികുമാർ (സി.പി.എം.)-70411
അഡ്വ.എം.കെ.സുനിൽ (ബി.ജെ.പി)-5917
സലീം മമ്പാട് (വെൽഫെയർ പാർട്ടി)-1757
സുനിയ സിറാജ് (എസ്.ഡി.പി.ഐ)-698
മുസ്തഫ പൂക്കോയ തങ്ങൾ (പി.ഡി.പി)-335
മഞ്ഞളാംകുഴി അലി ഭൂരിപക്ഷം- 579






