Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റ് വേൽമുരുകന്റെ മരണം: പോലീസുകാർക്കെതിരെ കേസെടുക്കണമെന്ന്

കൽപറ്റ-പടിഞ്ഞാറത്തറ ബപ്പനം മലവാരത്ത് മാവോയിസ്റ്റ് വേൽമുരുകനെ പോലീസ് ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളെന്നു പോരാട്ടം ജനറൽ കൺവീനർ പി.പി.ഷാന്റോലാൽ പറഞ്ഞു. വെടിവയ്പ്പിനു നേതൃത്വം നൽകിയ പോലീസ് അധികാരിക്കും അതിൽ പങ്കെടുത്ത സേനംഗങ്ങൾക്കുമെതിരെ മറനീക്കിയ
വസ്തുതകളുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കണം. വേൽമുരുകന്റെ ശരീരത്തിൽ വെടിയേറ്റുണ്ടായ 40ൽ അധികം മുറിവുകളാണുണ്ടായിരുന്നത്. തണ്ടർബോൾട്ട് വളഞ്ഞുവച്ച് വെടിവയ്ക്കുക്കുകയായിരുന്നുവെന്നാണ്  ഇതു സൂചിപ്പിക്കുന്നത്. ദഹിക്കാത്ത ഭക്ഷണം  ആമാശയത്തിൽ കണ്ടത് ഭക്ഷണം കഴിക്കുന്ന സമയത്തോ കഴിച്ചയുടനെയോ തണ്ടർബോൾട്ട്  വേൽമുരുകനെ പിടികൂടി എന്ന സംശയം ജനിപ്പിക്കുന്നതാണ്.  വേൽമുരുകനെ മരണം ഉറപ്പിക്കുന്നതിനു നാലു ഭാഗത്തുനിന്നും വെടിവച്ചതായും വെടിയേറ്റുവീണ ശരീരം മറിച്ചിട്ട് നിറയൊഴിച്ചതായും  സംശയിക്കേണ്ടിയിരിക്കുന്നു. മരണശേഷം തുടയെല്ലുകൾ തകർന്നതായി  പോസ്റ്റുമോർട്ടം റിപ്പോട്ടിലുണ്ട്. ബപ്പനം മലവാരത്തു നടന്നതു വ്യാജ ഏറ്റുമുട്ടലാണെന്നു മനുഷ്യാവകാശപ്രവർത്തകരും മറ്റും നേരത്തേ ആരോപിച്ചതാണ്. ഇതിനു ബലം നൽകുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോട്ട്. വൈത്തിരി ലക്കിയിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീലിന്റെ ഫോറൻസിക് റിപ്പോട്ടും ഇത്തരത്തിൽ പോലീസ്-സർക്കാർ വാദങ്ങൾക്ക് എതിരായിരുന്നു. കേരളത്തിലെ  വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേവലം പോലീസ് നടപടിയുടെ മാത്രം ഭാഗമല്ല, മാവോയിസ്റ്റുകളെ ഉൻമൂലനം ചെയ്യുകയെന്ന എൽ.ഡി.എഫ്  സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റേയും ഭാഗമാണെന്നും ഷാന്റോലാൽ ആരോപിച്ചു.

Latest News