Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിനെ ലോക്‌സഭയില്‍ ഇനി നയിക്കുക രവ്‌നീത് സിങ് ബിട്ടു

ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ ലോക്‌സഭാ പാര്‍ട്ടി നേതാവായി രവ്‌നീത് സിങ് ബിട്ടുവിനെ നിയമിച്ചു. ഇപ്പോള്‍ നടന്നു വരുന്ന ബജറ്റ് സമ്മേളനത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരിക്കു പകരക്കാരനായാണ് രവിനീത് സിങ് എത്തുന്നത്. ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ അധീര്‍ അവിടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ തിരക്കിലായതിനാലാണ് പകരക്കാരനെ നിയോഗിച്ചത്. 

1995ല്‍ കൊല്ലപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി ബിയന്ത് സിങിന്റെ പേരമകനാണ് രവ്‌നീത് സിങ്. ഓഗസ്റ്റില്‍ രവ്‌നീതിനെ ലോക്‌സഭയിലെ വിപ്പായി കോണ്‍ഗ്രസ് നിയമിച്ചിരുന്നു.

ലോക്‌സഭയിലെ പാര്‍ട്ടി ഉപനേതാവായ ഗൗരവ് ഗൊഗോയി അസമില്‍ തെരഞ്ഞെടുപ്പു തിരക്കിലായതിനാല്‍ സഭയില്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയാനുള്ള പൂര്‍ണ ചുമതല 45കാരനായ രവ്‌നീത് സിങിനായിരിക്കും. മൂന്ന് തവണ എംപിയായ രവ്‌നീത് 2009ലാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. അനന്ദ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. 2014ലും 2019ലും ലുധിയാനയില്‍ നിന്ന് ജയിച്ചാണ് ലോക്‌സഭയിലെത്തിയത്.

Latest News