Sorry, you need to enable JavaScript to visit this website.

മിന്നലാട്ടമായി ഹ്യൂണ്ടായ് സ്റ്റാരിയ, എന്താണീ സംഭവം?

ദക്ഷിണേഷ്യൻ വിപണികളെ ലക്ഷ്യമാക്കി ഹ്യൂണ്ടായ് വികസിപ്പിച്ചെടുത്ത പുതിയ എംപിവിയുടെ മിന്നൽ ദൃശ്യങ്ങൾ വന്നുതുടങ്ങി. കാറിന്റെ അകവും പുറവും എങ്ങനെയിരിക്കുമെന്നതിന്റെ ഒരു പൊതുചിത്രം ഈ ടീസർ ഇമേജുകൾ നൽകുന്നുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം സ്റ്റാരിയ എന്നായിരിക്കും ഈ എപിവിയുടെ പേര്. ഈ ട്രേഡ്മാർക്കിനായി വിവിധ ഏഷ്യൻ രാജ്യങ്ങളിൽ ഹ്യൂണ്ടായ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതിനെ ആധാരമാക്കിയുള്ള അഭ്യൂഹമാണിത്. ഇന്ത്യയിലും ഈ ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 സെപ്തംബർ 15ന് ഫിലിപ്പൈനിലാണ് ആദ്യമായി ഈ പേര് ഹ്യൂണ്ടായി രജിസ്റ്റർ ചെയ്തത്. വാൻ, വാഗൺ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയടങ്ങുന്ന വിഭാഗത്തിലാണ് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

എന്നാൽ ഈ പേര് തന്നെയായിരിക്കും പുതിയ എംപിവിക്കെന്ന് ഉറപ്പിക്കാൻ വയ്യ. നിലവിൽ ഇന്ത്യയടക്കമുള്ള ചില ദക്ഷിണേഷ്യൻ വിപണികളിൽ വിൽപനയിലുള്ള ഹ്യൂണ്ടായ് സ്റ്റാറെക്സിന്റെ വരുംതലമുറ പതിപ്പിന് ഉപയോഗിക്കാൻ വേണ്ടിയായിരിക്കാം പുതിയ പേരെന്ന് വാദിക്കുന്നവരും ഉണ്ട്. എന്തായാലും പുതിയ എംപിവിയുടെ നിർമാണം ഇന്തോനേഷ്യയിലാകാനാണ് സാധ്യത. മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കും. ഫിലിപ്പൈൻ കൂടാതെ ഇന്ത്യ, ലാവോസ്, മലേഷ്യ, കമ്പോഡിയ എന്നീ രാജ്യങ്ങളിൽ സ്റ്റാരിയ എന്ന പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ടൊയോട്ട ഇന്നോവയുടെ അതേ സെഗ്മെന്റിലേക്ക് ആയിരിക്കും ഹ്യൂണ്ടായ് സ്റ്റാരിയയുടെ വരവ്. 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിൽ വില കാണുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതായത്, ഇന്നോവയുടെ ഉയർന്ന വേരിയന്റുകളോട് മാത്രം എതിരിടുന്ന പൂർണ പ്രീമിയം എംപിവിയായിരിക്കും ഇത്. 1.5 ലിറ്ററിന്റെ ഒരു പെട്രോൾ എൻജിനും 1.5 ലിറ്ററിന്റെ ഡീസൽ എൻജിനുമായിരിക്കും ഈ എംപിവിയുടെ വിവിധ വേരിയന്റുകളിൽ ഘടിപ്പിക്കുകയെന്നാണ് ഊഹം.

Latest News