Sorry, you need to enable JavaScript to visit this website.

ജപ്പാനിലെ തീന്മേശകളില്‍ വിളമ്പുന്നത്  സയനൈഡിനേക്കാള്‍ കൊടും വിഷമുള്ള മീന്‍

ടോക്കിയോ- സയനൈഡിനേക്കാളും ആയിരം മടങ്ങ് വിഷമുളള പഫര്‍ മത്സ്യത്തെയാണ് ജപ്പാനിലെ തീന്മേശകളില്‍ വിളമ്പുന്നത്. ശുദ്ധജലത്തിലും, ഉപ്പുവെള്ളത്തിലും ഒരു പോലെ ജീവിക്കുന്ന ഈ മത്സ്യം ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യങ്ങളില്‍ ഒന്നാണ്. ടെട്രോഡോണ്‍റ്റിഡേ' കുടുംബത്തില്‍പ്പെടുന്നതാണ് പഫര്‍ഫിഷ്. മിക്കവാറും എല്ലാ പഫര്‍ഫിഷുകളിലും ടെട്രോഡോടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മത്സ്യത്തെ രുചികരമാക്കുകയും , അതുപോലെ തന്നെ അപകടകാരിയാക്കുകയും ചെയ്യുന്നു . ഈ മത്സ്യത്തില്‍ നിന്നുള്ള ഒരു തുള്ളി വിഷം അകത്ത് ചെന്നാല്‍ പോലും മരണം ഉറപ്പാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം ടെട്രോഡോടോക്‌സിന്‍ മാരകമാണ്, സയനൈഡിനേക്കാള്‍ 1,200 മടങ്ങ് വിഷം. പ്രായപൂര്‍ത്തിയായ 30 പേരെ കൊല്ലാന്‍ പഫര്‍ഫിഷില്‍ ഉള്ള വിഷം മതിയാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനു ഫലപ്രദമായ ചികിത്സകളുമില്ല. ഒരിഞ്ചു മുതല്‍ രണ്ടടി വരെയാണ് ഇവയുടെ നീളം. മാംസഭോജികളാണ് പഫര്‍ഫിഷുകള്‍. ഇവയുടെ കരള്‍,  ചര്‍മ്മം എന്നിവയില്‍ കാണപ്പെടുന്ന ഈ വിഷ പദാര്‍ത്ഥത്തിന് മറ്റു മത്സ്യങ്ങളെ കൊല്ലാനാവില്ല.
എന്നാല്‍ ജപ്പാന്‍കാര്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതും, ഏറ്റവും ചിലവേറിയതുമായ 'ഫ്യുഗു' എന്ന വിഭവം ഉണ്ടാക്കാനായി ഉപയോഗിക്കുന്നതും ഈ മത്സ്യമാണ് . ഇന്ത്യന്‍ രൂപ 20000 മാണ് ഫ്യുഗു ഒരു പ്ലേറ്റിനു വില.കൊടും വിഷം ഉള്ളില്‍ ഉള്ളതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ഈ വിഭവം തയ്യാറാക്കാന്‍ കഴിയില്ല. പ്രത്യേകതയും , പരിചയ സമ്പത്തും ഉള്ള ഒരു ഷെഫിനു മാത്രമേ 'ഫ്യുഗു' ഉണ്ടാക്കാനാകൂ. പഫര്‍ഫിഷിന്റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച പാചകക്കാര്‍ ജപ്പാനിലുണ്ട്. പല ഭക്ഷണആരോഗ്യ വിദഗ്ധരും ഈ വിഭവം വീട്ടിലല്ല, അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം ഇത് ഏറെ സുരക്ഷിതമായി പാകം ചെയ്ത് വിളമ്പേണ്ടതാണ് .
 

Latest News