ജിദ്ദ- ബുക്കിംഗ് ചെയ്യാതെയെത്തുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയിരുന്ന ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി കാമ്പസിലെ വാക്‌സിന്‍ സെന്ററില്‍ വന്‍ തിരക്ക്. ഇതുമൂലം വാക്‌സിനേഷന്‍ ബുക്ക് ചെയ്‌തെത്തുന്നവര്‍ക്ക് മാത്രമായി പരിമിതമാക്കി.
ഇന്നലെയാണ് ഇവിടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. നാല്‍പതോളം കൗണ്ടറുകള്‍ സജ്ജമായി വരുന്നു. പതിനഞ്ചോളം കൗണ്ടറുകള്‍ സജ്ജമാണ്. ഉദ്ഘാടന ദിവസവും അടുത്ത ദിവസവും ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്കും വാക്‌സിന്‍ നല്‍കാനായിരുന്നു പരിപാടി. എന്നാല്‍ ഇതിന് കാര്യമായ പ്രചാരണം നല്‍കിയിരുന്നില്ല. തിരക്ക് കുറക്കുന്നതിനായിരുന്നു ഇത്.
ഇന്നലെ നിരവധി പേരാണ് ഇപ്രകാരം എത്തി കുത്തിവെപ്പെടുത്തത്. ഇവരെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യം പങ്കുവെച്ചതോടെ ഇന്ന് രാവിലെ മുതല്‍ തിരക്ക് കൂടി. ഇതോടെ വാക്‌സിനേഷന്‍ സിഹാതി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാകുന്നതോടെ ഇത് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. കോവിഷീല്‍ഡ് വാക്‌സിനാണ് ഇവിടെ നല്‍കുന്നത്. പ്രതിദിനം 2000 പേര്‍ക്ക് കുത്തിവെപ്പ് നല്‍കാനുള്ള സംവിധാനം ഇവിടെ വരും ദിവസങ്ങളില്‍ ഒരുക്കും. കാമ്പസിനകത്തെ 29 ാം നമ്പര്‍ കെട്ടിടത്തിലാണ് വാക്‌സിന്‍ സെന്റര്‍ ഒരുക്കിയിട്ടുള്ളത്.