Sorry, you need to enable JavaScript to visit this website.

ഒലവക്കോട്  റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട;  പിടികൂടിയത് 16 കിലോ സ്വര്‍ണം

പാലക്കാട്- പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനി(ഒലവക്കോട്)ല്‍ ഇന്നു പുലര്‍ച്ചെ വന്‍ സ്വര്‍ണവേട്ട. ചെന്നൈ -ആലപ്പി ട്രെയിനില്‍ തൃശൂരിലേയ്ക്കു കടത്താന്‍ ശ്രമിക്കുകയായിരുന്ന 16 കിലോ സ്വര്‍ണം ആര്‍പിഎഫ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. ഏകദേശം ഏഴരക്കോടി രൂപ വിലവരുന്ന വിദേശത്തു നിന്നു കടത്തിയ സ്വര്‍ണക്കട്ടികള്‍ ഉള്‍പ്പടെയുള്ള സ്വര്‍ണമാണ് പിടികൂടിയിട്ടുള്ളത്. രേഖകളില്ലാതെ സ്വര്‍ണം കടത്തിയതിന് തൃശൂര്‍ സ്വദേശികളായ നിര്‍മേഷ്(33), ഹരികൃഷ്ണന്‍(32), ജൂബിന്‍ ജോണി(29) എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത സ്വര്‍ണക്കട്ടികള്‍ ഉള്‍പ്പടെയുള്ളവ ചെന്നൈയില്‍ നിന്നു വാങ്ങി തൃശൂരിലെത്തിച്ച് ആഭരണങ്ങളാക്കുന്ന സംഘത്തില്‍ പെട്ടവരാണ് ഇതെന്ന് വ്യക്തമായി. പിടിയിലായ പ്രതികള്‍ തുടര്‍ച്ചയായി ഇതര സംസ്ഥാന യാത്ര നടത്തിയിരുന്നതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ പതിവായി സംസ്ഥാനത്തേയ്ക്ക് സ്വര്‍ണം കടത്തിയിരുന്നവരാണ് എന്നാണ് വിലയിരുത്തല്‍. സ്വര്‍ണം കൊണ്ടു പോകുന്നതിനുള്ള രേഖകള്‍ കൈവശമില്ലാത്തതിനാല്‍ അനധികൃത കടത്താണ് എന്നാണു വിലയിരുത്തല്‍. വിദേശത്തു നിന്നു കടത്തിയതെന്നു കണ്ടെത്തിയ 11 സ്വര്‍ണക്കട്ടികള്‍ കസ്റ്റംസിനു കൈമാറിയിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ആര്‍പിഎഫ് രൂപീകരിച്ച സ്‌പെഷല്‍ സ്‌ക്വാഡ് ഏതാനും ദിവസങ്ങളായി രണ്ടു സംഘങ്ങളായി ട്രെയിനുകളിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഇതുവഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും പണവും സംഘം പിടികൂടിയിരുന്നു. ആര്‍പിഎഫ് സ്‌പെഷല്‍ സ്‌ക്വാഡിലെ രോഹിത് കുമാര്‍, വി.സാവിന്‍, എന്‍. അശോക്, പി.ബി. പ്രദീപ്, സി. അബ്ബാസ് എന്നിവരുടെ സംഘമാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്‌
 

Latest News