പെണ്‍മക്കളെ പീഡിപ്പിച്ച ഭര്‍ത്താവിനെ ഭാര്യ കൊന്ന് കുഴിച്ചുമൂടി

ഹൈദരാബാദ്- പെണ്‍മക്കളളെ പീഡിപ്പിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ വനസ്ഥാലിപുരം മന്‍സൂറാബാദ് സ്വദേശിനിയായ 32കാരി മര്യാദ അഗര്‍വാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ രണ്ടാം ഭര്‍ത്താവായ ഗഗന്‍ ദീപാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസം എട്ടിനാണ് മര്യാദ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത്. വീടിന് സമീപം ഡ്രെയിനേജ് ആവശ്യങ്ങള്‍ക്കായി എടുത്ത കുഴിയിലേക്ക് മര്യാദ ഭര്‍ത്താവിന്റെ മൃതദേഹം ഇട്ട് കുഴിച്ചുമൂടുകയായിരുന്നു. രണ്ട് ആഴ്ചക്ക് ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ സഹോദരങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മര്യാദ പരാതി നല്‍കിയത്. ദല്‍ഹിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഭര്‍ത്താവ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇതോടെ പോലീസ് ഭാര്യയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് യുവതി ഒടുവില്‍ സത്യം പറയുന്നത്. രണ്ടാം ഭര്‍ത്താവയ ഇയാള്‍ ആദ്യ ബന്ധത്തില്‍ ഉണ്ടായ പെണ്‍മക്കളോട് ലൈംഗികാതിക്രമം നടത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

 

Latest News