കോവിഷീല്‍ഡ് വാക്‌സിന്‍ വില കുറച്ച് സര്‍ക്കാര്‍

ന്യൂദല്‍ഹി- കോവിഡിനെതിരായ വാക്സിന്‍ കോവിഷീല്‍ഡിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഡോസിന് 210 രൂപയായിരുന്നതാണ് ഇപ്പോള്‍ 157.50 രൂപയായി കുറച്ചത്. കോവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്സിഡി നല്‍കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല. രണ്ടാംഘട്ട വാക്സിനോഷന്റെ ഭാഗമായായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് വില കുറച്ചതെന്നാണ് റിപ്പേര്‍ട്ടുകള്‍.

വില കുറച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ 150 രൂപയ്ക്ക് വാക്സിന്‍ നല്കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞു. വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണ് 157.50 രൂപയാകുന്നത്.

ആസ്ട്രാനെക്കയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോവിഡിനെതിരായ വാക്സിനാണ് കോവിഷീല്‍ഡ്. 27 കോടി പേര്‍ക്കാണ് അടുത്തഘട്ടത്തില്‍ കുത്തിവയ്പ് നല്‍കാന്‍ ലക്ഷ്യമിടുന്നത്.

 

Latest News