സാമ്പത്തിക സംവരണം:  കോൺഗ്രസും ലീഗും ഇടയുന്നു

കോഴിക്കോട് - ഇടതു സർക്കാരിന്റെ സാമ്പത്തിക സംവരണ നയത്തെ ചില കോൺഗ്രസ് നേതാക്കൾ പിന്തുണക്കുന്നതിൽ മുസ്‌ലിം ലീഗിന് അതൃപ്തി. അടുത്ത യു.ഡി.എഫ് യോഗത്തിൽ ഇത് ലീഗ് ഉന്നയിക്കും.
ദേവസ്വം നിയമനങ്ങളിൽ മുന്നോക്ക സമുദായത്തിലെ ദരിദ്രർക്ക് 10 ശതമാനം സംവരണം നൽകാൻ തീരുമാനിച്ച പിണറായി സർക്കാർ ഇതേ നയം സർക്കാരിന്റെ മറ്റു നിയമനങ്ങളിലും ബാധകമാക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ബി.ജെ.പിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു.
ഇതാകട്ടെ കേരളത്തിലെ പിന്നോക്ക സമുദായക്കാരെ ആശങ്കയിലാഴ്ത്തുന്നതാണ്. കേരളത്തിലെ പിന്നോക്ക സമുദായങ്ങൾക്ക് സംവരണ തോത് പോലും പൂർത്തിയാക്കാനായിട്ടില്ലെന്നാണ് ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ നഷ്ടപ്പെട്ട തസ്തികകൾ തിരിച്ചു കൊടുക്കാൻ പ്രത്യേക റിക്രൂട്ട്‌മെന്റ് വേണമെന്ന് പിന്നോക്ക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അത് നടപ്പാക്കാൻ ഇടതു-വലതു മുന്നണികൾ തയാറാകാതിരിക്കെയാണ് ഇപ്പോൾ മുന്നോക്ക സമുദായ സംവരണം എന്ന ആശയവുമായി ഇടതു മുന്നണി രംഗത്തു വന്നത്.
സാമൂഹ്യമായ പിന്നോക്കാവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ഉദ്യോഗ സംവരണം നടപ്പാക്കിയത്. കേന്ദ്ര സർക്കാർ സർവീസിൽ പിന്നോക്ക സമുദായക്കാർക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയത് വി.പി.സിംഗിന്റെ നേതൃത്വത്തിലെ കേന്ദ്ര സർക്കാരാണ്. ആ തീരുമാനം പല സംസ്ഥാനങ്ങളിലും നടപ്പാക്കി തുടങ്ങാൻ 1995 വരെ നീണ്ടു.
നേരത്തെ തന്നെ സാമുദായിക സംവരണം നിലവിലുള്ള സംസ്ഥാനമാണ് കേരളം. സംവരണത്തിൽ ക്രീമിലെയർ കൊണ്ടുവരുന്നതിനെ സി.പി.എം ഒഴികെ സംഘടനകൾ കേരളത്തിൽ എതിർത്തതാണ്. 26 ശതമാനം വരുന്ന മുന്നോക്ക സമുദായക്കാരിൽ പ്രബലം 14 ശതമാനമുള്ള നായർ സമുദായമാണ്. റോമൻ, സിറിയൻ, കത്തോലിക്കരാണ് മറ്റൊരു പ്രബല സമുദായം. ഒരു ശതമാനത്തിൽ താഴെ വരുന്ന ബ്രാഹ്മണരും മുന്നോക്ക സമുദായമാണ്. സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമാകണമെന്ന ആവശ്യം ദേശീയാടിസ്ഥാനത്തിൽ തന്നെ മുന്നോക്കക്കാർ ഉയർത്തുന്നുണ്ട്. ഭരണഘടന പിന്തുണക്കുന്നത് സാമുദായിക സംവരണത്തെയാണ്. ഈ സാഹചര്യത്തിലാണ് മുന്നോക്ക സംവരണത്തിന് ഭരണഘടനാ ഭേദഗതിക്കായി കേന്ദ്ര സഹായം തേടുമെന്ന് ഇടതു സർക്കാർ പ്രഖ്യാപിച്ചത്.
ക്രീമിലെയർ നിർദേശത്തെ എതിർക്കുന്നതിനായി സംവരണ സമുദായ മുന്നണി രൂപവൽക്കരിച്ചിരുന്നു. മുസ്‌ലിം ലീഗും എസ്.എൻ.ഡി.പിയും ഇതിൽ മുഖ്യ പങ്കു വഹിച്ചു. കെ.ആർ.ഗൗരിയമ്മയും മുന്നണിയുടെ ഭാഗമായിരുന്നു. പന്നീട് നിർജീവമായ മുന്നണിയെ പുനുജ്ജീവിപ്പിക്കാനാണ് മുസ്‌ലിം ലീഗിന്റെ ശ്രമം. ക്രീമിലെയർ പ്രശ്‌നത്തിൽ സി.പി.ഐയെ കൂടെ നിർത്താനും സി.പി.എമ്മിനെ ഒറ്റപ്പെടുത്താനും കഴിഞ്ഞിരുന്നുവെങ്കിലും സി.പി.ഐ ഇതിനകം സർക്കാരിന്റെ സംവരണ നയത്തിന് പിന്തുണ അറിയിച്ചു കഴിഞ്ഞു.
നായർ, ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭീതിയിൽ കോൺഗ്രസും സർക്കാർ നീക്കത്തെ എതിർക്കുന്നില്ല. ഇതാകട്ടെ മുസ്‌ലിം ലീഗിന് പ്രയാസമുണ്ടാക്കുന്നു.

 

Latest News