കോട്ടയം- പിറവത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥിയാകുന്ന സി.പി.എം ബ്രാഞ്ച് അംഗം സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മത്സരിക്കുന്നത് പാർട്ടിയെ അറിയിച്ചിരുന്നില്ലെന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധുമോൾ ജേക്കബ്.
അതേസമയം, സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താൻ സ്ഥാനാർഥിയായതെന്ന് സിന്ധുമോൾ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനതലത്തിൽ കേരള കോൺഗ്രസ്, സിപിഎം നേതാക്കൾ സംസാരിച്ചിരുന്നു. പിറവത്ത് രണ്ടില ചിഹ്നത്തിൽ താൻ മത്സരിക്കും. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും സിന്ധുമോൾ പറഞ്ഞു.
അതിനിടെ, പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നാലെ കേരള കോണ്‍ഗ്രസ് എം നേതാവും പിറവം നഗരസഭാ കൗണ്‍സിലറുമായ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്.






