ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന്  തൃശൂരിൽ; സ്ഥാനാർഥിയാകാൻ പലരും

തൃശൂർ- ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന് തൃശൂരിൽ നടക്കും. സംസ്ഥാനത്തെ സ്ഥാനാർഥി നിർണയം സംബന്ധിച്ച അന്തിമ ചർച്ച ഈ യോഗത്തിലുണ്ടാകും. ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന തൃശൂർ നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ചർച്ചയും ഇന്നുണ്ടാകും. 
തൃശൂർ നിയമസഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനടക്കം പല പ്രമുഖരുടേയും പേരുകൾ സ്ഥാനാർഥി സാധ്യത പട്ടികയിലുണ്ട്.


യു.ഡി.എഫ് സ്ഥാനാർഥി പത്മജ വേണുഗോപാലിനെതിരെ നിർത്താൻ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർഥിയാണെന്ന് ബി.ജെ.പിക്കുള്ളിൽ അഭിപ്രായമുയർന്നിട്ടുണ്ട്. പാർട്ടി അധ്യക്ഷനുമായുള്ള സ്വരചേർച്ചില്ലായ്മയും എതിർപ്പും മറന്ന് ശോഭ ഗോദയിലിറങ്ങണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ താൻ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ശോഭയെന്നറിയുന്നു.
സുരേഷ്‌ഗോപി മത്സരിക്കാനില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നുവെങ്കിലും നേതൃത്വങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടതോടെ കേന്ദ്ര നേതൃത്വം പറയട്ടെ എന്ന നിലപാടിലാണ് സുരേഷ്‌ഗോപി.
തിരുവനന്തപുരം വട്ടിയൂർകാവാണ് സുരേഷ്‌ഗോപി കൂടുതൽ താൽപര്യപ്പെടുന്നത്. സിനിമാ ഷൂട്ടിംഗ് ആവശ്യങ്ങളും മറ്റുമായി കൂടുതലും തിരുവനന്തപുരത്ത് ചെലവഴിക്കേണ്ടി വരുന്നതിനാലാണ് സുരേഷ്‌ഗോപി വട്ടിയൂർകാവിന് മുൻഗണന കൊടുക്കുന്നത്. ഗുരുവായൂരിൽ സ്വന്തം ഫഌറ്റുള്ളതിനാൽ ഗുരുവായൂരും സുരേഷ്‌ഗോപി താൽപര്യപ്പെടുന്നുണ്ട്.


പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്നുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ലെങ്കിലും സുരേന്ദ്രന് താത്പര്യമെങ്കിൽ തൃശൂർ സീറ്റു നൽകാൻ നേതൃത്വം ഒരുക്കമാണ്.
മെട്രോമാൻ ഇ. ശ്രീധരന്റെ പേരും തൃശൂരിലേക്ക് കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹം പാലക്കാട് സീറ്റിലേക്കാണ് എത്തുകയെന്നാണ് സൂചന.
ടി.പി. സെൻകുമാറിന്റെ പേരാണ് തൃശൂരിലേക്കുള്ള പരിഗണനയിലുള്ളത്. സന്ദീപ് വാര്യരുടേയും അഡ്വ. ബി. ഗോപാലകൃഷ്ണന്റെയും പേരുകളും തൃശൂരിലേക്ക് പാർട്ടി സജീവമായി പരിഗണിക്കുന്നുണ്ട്.
ഇതിൽ ഗോപാലകൃഷ്ണന്റെ പേരിനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ട ഗോപാലകൃഷ്ണന് നിയമസഭാ തെരഞ്ഞെടുപ്പിൽ അവസരം നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. അത് പരിഗണിക്കുകയാണെങ്കിൽ പത്മജയ്ക്കും പി. ബാലചന്ദ്രനുമെതിരെ ഗോപാലകൃഷ്ണൻ തൃശൂരിലെത്താനും സാധ്യതയേറിയിട്ടുണ്ട്.
അതിനിടെ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപനം കഴിഞ്ഞേ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂ എന്നും ബി.ജെ.പി വൃത്തങ്ങൾ സൂചന നൽകി. അസംതൃപ്തരായ പല പ്രമുഖരും കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. 

Latest News