നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം; ബാലറ്റിലെ തിരിമറിക്കെതിരെ ചെന്നിത്തല പരാതി നൽകി

തിരുവനന്തപുരം - നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. കോവിഡ് പശ്ചാത്തലത്തിൽ പത്രികയും സത്യവാങ്മൂലവും നിക്ഷേപവും ഓൺലൈനായും സമർപ്പിക്കാവുന്നതാണ്. പത്രിക സമർപ്പിക്കാൻ പോകുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമെ അനുവദിക്കുകയുള്ളൂ. വാഹനങ്ങളും രണ്ടുമാത്രം. 19 വരെ പത്രിക നൽകാൻ അവസരമുണ്ട്. 20 നാണ് സൂഷ്മപരിശോധന. 22 വരെ പിൻവലിക്കാം.


തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലെ തിരിമറി തടയുന്നതിനായി  സീൽ ചെയ്ത ബാലറ്റ് ബോക്‌സുകൾ ഉപയോഗിച്ച് അവ ശേഖരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് ഇന്നലെ കത്ത് നൽകി. 

80 വയസ്സ് കഴിഞ്ഞവർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. പക്ഷേ ഇത് ഇടതുപക്ഷം വ്യാപകമായി ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടതു അനുഭാവികളായ ഉദ്യോഗസ്ഥർ ഇങ്ങനെ ശേഖരിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ തുറന്നു നോക്കുകയും അവ ഭരണ പക്ഷത്തിന് എതിരാണെന്ന് കാണുകയാണെങ്കിൽ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വ്യാപകമായ പരാതിയാണ് ഇത് സംബന്ധിച്ചുണ്ടായത്. ഇത്തവണയും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ട്. അതിനാൽ വീടുകളിലെത്തി പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നതിന് സീൽ ചെയ്ത ബാലറ്റ് പെട്ടികൾ തന്നെ ഉപയോഗിക്കുകയും സ്വതന്ത്രവും നിക്ഷപക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പഴുതില്ലാത്ത സംവിധാനം ഉറപ്പു വരുത്തുകയും വേണമെന്ന് രമേശ് ചെന്നിത്തല ചീഫ് ഇലക്ടറൽ ഓഫീസറോട് കത്തിൽ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർക്ക് പരാതി നൽകി.

തെരഞ്ഞടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തീയതികളിൽ നടത്തിയ പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ, പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിനോ മാത്രമേ സർക്കാരിന്റെ പുതിയ നയത്തെയോ പിരിപാടിയേയോ പറ്റി സംസാരിക്കാവൂ എന്നതാണ് അംഗീകൃത കീഴ് വഴക്കം. മുഖ്യമന്ത്രി ഇത് ലംഘിച്ചിരിക്കുകയാണ്. 

അതിനാൽ മുഖ്യമന്ത്രിയെ ഇതിൽ നിന്ന് തടയണമെന്ന് രമേശ് ചെന്നിത്തല ഓഫീസറോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രിമേ നടത്താവൂ എന്ന് നിർദേശം നൽകണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.
 

Latest News