കൊച്ചി - ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ അമിത് ഷായെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിർദയം കടന്നാക്രമിച്ചത്. ഒരുപക്ഷെ സമീപകാലത്തൊന്നും ഏതെങ്കിലും മുഖ്യമന്ത്രി പോയിട്ട് ഏതെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ നേതാവ് പോലും ഇത്ര രൂക്ഷമായ ആക്രമണം അമിത് ഷായ്‌ക്കെതിരെ അഴിച്ചുവിട്ടിരിക്കില്ല. ബി.ജെ.പി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പടിപടിയായി അധികാരം പിടിച്ചെടുത്ത് നടത്തിയ മുന്നേറ്റത്തിനു പിന്നിലെ പ്രധാനബുദ്ധികേന്ദ്രം അമിത് ഷാ ആണെന്നത് രഹസ്യമല്ല. അതിന് അദ്ദേഹം സ്വീരിക്കുന്ന മാർഗങ്ങൾ രാജ്യത്തിന്റെ സുരക്ഷയെപോലും അപകടപ്പെടുത്തുന്ന തരത്തിലുള്ളതാണെന്ന് പരക്കെ ആരോപണം ഉയരുകയും ചെയ്തിട്ടുണ്ട്.
പിണറായിയുടെ വാക്കുകൾക്ക് കേരളം മതിമറന്ന് കൈയടിച്ചെങ്കിലും ഈ കടന്നാക്രമണത്തിന്റെ പ്രത്യാഘാതം എന്തായിരിക്കും? കേന്ദ്ര ഏജൻസികൾ ചുറ്റിവരിഞ്ഞിരിക്കുന്ന പിണറായി സർക്കാരിന് അമിത് ഷാ നൽകാൻ പോകുന്ന തിരിച്ചടി എന്തായിരിക്കും? എന്ത് വിലയായിരിക്കും തന്റെ മൂർച്ചയേറിയ പ്രയോഗങ്ങൾക്ക് പിണറായി നൽകേണ്ടി വരിക?
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് ലാവ്‌ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനക്കെത്തുന്നത്. ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ വിശ്വസിക്കാമെങ്കിൽ അതിന് മുമ്പ് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ ഒരു സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കും.
ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ അതീവഗുരുതരമായ അഴിമതി ആരോപണങ്ങളടങ്ങിയതായിരിക്കും ഈ സത്യവാങ്മൂലം. ഇതുവരെ കേട്ടിട്ടില്ലാത്ത വിവരങ്ങളടങ്ങിയ രേഖകളും കോടതിയിൽ വന്നേക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ പൊട്ടിക്കാനുള്ള ബോംബായാണ് ബി.ജെ.പി ഇതിനെ കാണുന്നത്.
സുപ്രീം കോടതി ലാവ്‌ലിൻ കേസിൽ എന്ത് തീർപ്പ് കൽപിക്കുന്നുവെന്നതിന് ഈ ഘട്ടത്തിൽ പ്രസക്തിയില്ല. കേന്ദ്രം കോടതിയിൽ സമർപ്പിക്കാൻ പോകുന്ന സത്യവാങ്മൂലമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏറ്റവും പ്രസക്തമായി മാറാൻ പോകുന്നത്.
പിണറായിയെ അമിത് ഷാ ബോധപൂർവം പ്രകോപിപ്പിക്കുകയായിരുന്നുവെന്നും അതിന് പിന്നിൽ വരാനിരിക്കുന്ന വമ്പൻ കരുനീക്കത്തിനുള്ള തയ്യാറെടുപ്പുണ്ടെന്നും വിശ്വസിക്കുന്നവരാണ് ബി.ജെ.പി നേതാക്കൾ. എന്നാൽ ലാവ്‌ലിൻ കേസിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച ചരിത്രമാണ് പിണറായി വിജയനുള്ളത്. പിണറായും അമിത് ഷായും കൊമ്പു കോർത്താൽ വിജയം ആർക്കായിരിക്കുമെന്നത് കാത്തിരുന്നു തന്നെ കാണാം.






