മുറുമുറുപ്പുകൾ തള്ളി സി.പി.എം; ഗോപിനാഥിനായും കാത്തിരുന്നില്ല 

പാലക്കാട് - ഒമ്പതിടങ്ങളിലേക്ക് സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ജില്ലയിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപനം പൂർണമായി. പാലക്കാട്ട് കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് സി.പി. പ്രമോദിനെ സ്ഥാനാർഥിയാക്കിയതാണ് ശ്രദ്ധേയമായ പ്രഖ്യാപനം. പ്രാേദശികമായ എതിർപ്പുകൾ അവഗണിച്ച് കോങ്ങാട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. െക. ശാന്തകുമാരിയേയും മലമ്പുഴയിൽ സി.ഐ.ടി.യു നേതാവ് എ. പ്രഭാകരനേയും മത്സരിപ്പിക്കാനാണ് തീരുമാനം. 


നിലവിലുള്ള എം.എൽ.എമാരായ കെ. ബാബുവും (നെന്മാറ), കെ.ഡി. പ്രസേന്നനും (ആലത്തൂർ) പട്ടികയിലിടം പിടിച്ചു. എം.ബി. രാജേഷ് (തൃത്താല), പി. മമ്മിക്കുട്ടി (ഷൊർണൂർ), കെ. പ്രേംകുമാർ (ഒറ്റപ്പാലം), പി.പി. സുമോദ് (തരൂർ) എന്നിവരാണ് ജില്ലയിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ജനവിധി തേടുന്ന മറ്റു നേതാക്കൾ. പട്ടാമ്പിയിൽ നിലവിലുള്ള എം.എൽ.എ മുഹമ്മദ് മുഹ്‌സിനേയും മണ്ണാർക്കാട്ട് പാർട്ടി ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌രാജിനേയും സ്ഥാനാർഥികളായി സി.പി.ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചിറ്റൂരിൽ ജനതാദൾ (എസ്) നേതാവായ മന്ത്രി കെ. കൃഷ്ണൻകുട്ടി ഒരിക്കൽക്കൂടി ജനവിധി തേടും. 


കോൺഗ്രസുമായി വില പേശുന്ന എ.വി. ഗോപിനാഥിനു വേണ്ടി കാത്തിരിപ്പ് തുടരുന്നതിൽ സി.പി.എം പ്രവർത്തകർക്കിടയിൽ വലിയ മുറുമുറുപ്പ് ഉണ്ടായിരുന്നു. അത് പരിഗണിച്ചാണ് മറ്റിടങ്ങൾക്കൊപ്പം പാലക്കാട്ടെ സ്ഥാനാർഥിയേയും പ്രഖ്യാപിച്ചത്. കോങ്ങാട്ടും മലമ്പുഴയിലും നിലവിൽ സ്ഥാനാർഥികളായവർക്കെതിരേ ഇന്നലെ രാവിലേയും വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ശാന്താകുമാരിയുടെ സ്ഥാനാർഥിത്വത്തിനെതിരേ കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ വരുന്ന ഒമ്പത് സി.പി.എം ലോക്കൽ കമ്മിറ്റികളിൽ എട്ടും രംഗത്തെത്തിയതുമാണ്. നേരത്തേ മന്ത്രി എ.െക. ബാലന്റെ ഭാര്യയുടെ പേര് പരിഗണിച്ചിരുന്ന തരൂരിലും ഒരു പ്രാദേശിക നേതാവിനായി സമ്മർദം ഉണ്ടായിരുന്നു. അത്തരം നീക്കങ്ങൾക്ക് വഴങ്ങുന്നത് തെറ്റായ കീഴ്‌വഴക്കത്തിനിടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുൻനിശ്ചയിച്ചതു പ്രകാരം മുന്നോട്ടു പോകാൻ സി.പി.എം തീരുമാനിച്ചത്.
ഇടതുമുന്നണിയുടെ പട്ടികയിലിടം പിടിച്ച ശാന്താകുമാരി, പ്രേംകുമാർ, സുമോദ്, പ്രമോദ്, എ. പ്രഭാകരൻ എന്നിവർ പുതുമുഖങ്ങളാണ്. എം.ബി.രാജേഷും ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. സുരേഷ്‌രാജ് 2011 ൽ പട്ടാമ്പിയിലും 2016 ൽ മണ്ണാർക്കാട്ടും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 


2011 ൽ മമ്മിക്കുട്ടി തൃത്താലയിൽ മത്സരിച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ പ്രചാരണരംഗത്ത് സജീവമാകാനാണ് സി.പി.എം പ്രാേദശിക ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. എതിരാളികൾ കളത്തിലിറങ്ങുന്നതിനു മുമ്പ് മികച്ച തുടക്കമിടാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ഉണ്ടായിട്ടുള്ള അസ്വാരസ്യങ്ങൾ പരമാവധി മുതലെടുക്കാനാവുമെന്നാണ് സ്ഥാനാർഥികളുടേയും പ്രതീക്ഷ.

 

Latest News