ജോസഫ് ഗ്രൂപ്പിൽ ഭിന്നത; ഫ്രാൻസിസ് ജോർജ് ഇടയുന്നു 

കോട്ടയം- ഏറ്റുമാനൂർ സീറ്റിനെ ചൊല്ലിയുളള ജോസഫ് ഗ്രൂപ്പിലെ തർക്കത്തിനു പിന്നാലെ ഫ്രാൻസിസ് ജോർജും ഇടയുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെഎം ജോർജിന്റെ മകനായ ഫ്രാൻസിസ്് ജോർജിനെ മൂവാറ്റുപുഴ സീറ്റിൽ മത്സരിപ്പിക്കാനായിരുന്നു പരിപാടി.  എന്നാൽ ഫ്രാൻസിസ് ജോർജിന് ഇടുക്കി നൽകാനാണു നിലവിലുളള തീരുമാനം. കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്റെ സിറ്റിംഗ് സീറ്റാണ് ഇവിടം. ഈ സീറ്റിൽ മത്സരിക്കാൻ ഫ്രാൻസിസ് ജോർജിന് താൽപര്യമില്ല. മൂവാറ്റുപുഴ താൽപര്യപ്പെട്ട ഫ്രാൻസിസ് ജോർജിനെ ഇടുക്കിയിലേക്ക് മാറ്റിയത്്് ജോസഫ് ഗ്രൂപ്പിൽ കടുത്ത ഭിന്നതയ്ക്ക് ഇടയാക്കിയിരിക്കുകയാണ്്. 
മൂവാറ്റുപുഴ മത്സരിക്കാനുള്ള ഫ്രാൻസിസ് ജോർജിന്റെ ആഗ്രഹത്തിന് വിലങ്ങുതടിയായത്് ജോസഫ് ഗ്രൂപ്പിലെ സിറ്റിംഗ് എംഎൽഎയും മുൻ എംപിയുമാണെന്നാണ് പറയപ്പെടുന്നു. ഫ്രാൻസിസ് ജോർജിനെ ഒതുക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന്്്് ആരോപണമുണ്ട്്. മൂവാറ്റുപുഴ കിട്ടിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഫ്രാൻസിസ് ജോർജ്. ഗ്രൂപ്പിനുള്ളിൽ പോരിന്റെ ഭാഗമായാണ് മോൻസും കൂട്ടരും ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തൽ. ജോസഫ് ഗ്രൂപ്പിൽ രണ്ടാമനാകാൻ മോൻസ്് ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ശ്രമിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു, മോൻസ് ഫ്രാൻസിസ് ജോർജുമായി അത്ര രസത്തിലല്ല.  ഫ്രാൻസിസ് ജോർജ് ജോസഫ് ഗ്രൂപ്പിലേക്ക് വരുന്നതിനെ മോൻസ് രഹസ്യമായി എതിർത്തിരുന്നു. ഫ്രാൻസിസ് ജോർജ് വിജയസാധ്യതയുളള സീറ്റ് നൽകാതിരിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും പരാതിയുണ്ട്്. ജോസഫ് വിഭാഗത്തിൽ ഇരു നേതാക്കളെയും അനുകൂലിക്കുന്ന ഗ്രൂപ്പുകളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ജോസ് വിഭാഗത്തിൽ നിന്നും റോഷി അഗസ്റ്റിൻ ഇടുക്കിയിൽ മത്സരിക്കുമെന്ന് ഉറപ്പാണ്.  വിജയസാധ്യത കൂടുതൽ അദ്ദേഹത്തിനാണെന്നാണ് വിലയിരുത്തൽ. അതാണ് ഫ്രാൻസിസ് ജോർജിനെ അവിടെ മത്സരിപ്പിക്കാൻ ഇവർ തീരുമാനിച്ചതെന്നും പറയപ്പെടുന്നു. റോഷിയോടു മത്സരിച്ചു പരാജയപ്പെട്ടാൽ പിന്നെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഭാവി അസ്തമിക്കുമെന്നും എതിർവിഭാഗം കണക്കുകൂട്ടുന്നു.
മോൻസിന്റയും ജോയ് എബ്രഹാമിന്റെയും തീരുമാനങ്ങളാണ് ഗ്രൂപ്പിനുള്ളിൽ നടപ്പാകുന്നതെന്നും അതിനെ തുടർന്ന് ഗ്രൂപ്പിനുള്ളിൽ  ഒരു വിഭാഗം കടുത്ത എതിർപ്പിലാണെന്നും  വിവരമുണ്ട്.  സജി മഞ്ഞക്കടമ്പനെ മാറ്റി നിർത്തി അവസാനം ഗ്രൂപ്പിലെത്തിയ പ്രിൻസ് ലൂക്കോസിന്  ഏറ്റുമാനൂർ സീറ്റ് കൊടുക്കാനുളള നീക്കവും  ഫ്രാൻസിസ് ജോർജ് വിരുദ്ധ ക്യാമ്പിന്റെ കരുനീക്കമാണെന്നു പറയപ്പെടുന്നു.
കോവിഡ് ബാധിച്ചു ചികിത്സയിലും വിശ്രമത്തിലുമായ പി.ജെ ജോസഫിന്റെ അസാന്നിധ്യം സ്ഥാനാർഥി നിർണയ ചർച്ചകളെ ബാധിച്ചതായും പറയപ്പെടുന്നു. പി.ജെ ജോസഫിന്റെ അഭാവത്തിൽ ചർച്ചകൾക്കു ചുക്കാൻ പിടിക്കുന്നവർ സ്വന്തം താൽപര്യം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും എതിർ വിഭാഗം കുറ്റപ്പെടുത്തുന്നു.  ജോസഫ് സജീവമല്ലാത്തത് മറ്റു സീറ്റുകളിലെ സ്ഥാനാർഥി നിർണയത്തെയും ബാധിക്കുന്നതായി പറയുന്നു. ജോസഫിന്റെ അനുമതിയോടെയാണ് യുഡിഎഫിലെ ചർച്ച പൂർത്തിയാക്കിയതെങ്കിലും പൂർണമായ ചിത്രം അപ്പപ്പോൾ ലഭിച്ചില്ലെന്നും പറയപ്പെടുന്നു.

Latest News