Sorry, you need to enable JavaScript to visit this website.

മലയാളി തത്സമയ വാർത്ത കാണാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്; റഷ്യ വഴിയെത്തിയ ആദ്യ ലൈവിന്റെ കഥ

തിരുവനന്തപുരം- മലയാളികൾ സ്വന്തം ഭാഷയിൽ 'തത്സമയം' വാർത്ത കാണാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി. അധികമാരും പക്ഷേ ഈ വിശേഷം അറിഞ്ഞില്ല. കേരളം കണ്ണും കാതും കൂർപ്പിച്ചു ടെലിവിഷനിൽ മുന്നിൽ വാർത്തകൾ കാണാൻ ഇരുന്ന കോറോണയുടെ കാലത്താണ് ആ 25 വർഷങ്ങൾ പൂർത്തീകരിച്ചത്. വാർത്തയുടെ 25 വർഷങ്ങൾക്കിപ്പുറവും ടെലിവിഷനെ തന്നെയാണ് നമ്മൾ മുഖ്യമായും വാർത്ത തേടുന്നതിന് ആശ്രയിക്കുന്നത്.

1995 സെപ്റ്റംബർ 30ന് വൈകുന്നേരമാണ് കേരളത്തിലെ ആദ്യ സ്വകാര്യ ചാനൽ വാർത്ത പ്രേക്ഷപണം തുടങ്ങിയത്. അന്ന് വരെ ദൂരദർശനിലെ 15 മിനിറ്റ് വാർത്തകളായിരുന്നു ആകെ മലയാളികൾക്ക് പരിചയം. 25 വർഷങ്ങളിലൂടെ മലയാളിയുടെ വാർത്താ ഭാവുകത്വം മാറിയതിന് പിന്നിൽ ഏഷ്യാനെറ്റ് ആയിരുന്നു. ഫിലിപ്പിൻസിലെ മനിലയിൽ നിന്ന് 5 മണിക്കൂർ യാത്ര ചെയ്ത് എത്താവുന്ന സുബിക് ബേ ദ്വീപിലെ താൽക്കാലിക സ്റ്റുഡിയോയിൽ ഇരുന്ന് വായിച്ച ബുള്ളറ്റിനുകളാണ് മലയാളികൾ 25 വർഷങ്ങൾക്ക് മുൻപ് തത്സമയം കണ്ടു തുടങ്ങിയത്. അക്കാലത്ത് ഇന്ത്യയിൽ നിന്ന് സ്വകാര്യ ചാനലുകൾക്ക് സാറ്റലൈറ്റ് അപ്‌ലിങ്കിങ് സൗകര്യം അനുവദിച്ചിരുന്നില്ല. വിദേശത്ത് സ്റ്റുഡിയോ സ്ഥാപിച്ച്   അവിടെ നിന്നും ചാനൽ അപ് ലിങ്ക് ചെയ്ത് ഇന്ത്യയിൽ സംപ്രേഷണം നടത്തുക എന്ന സാഹസമാണ് അന്ന് പരിമിത വിഭവങ്ങൾ കൊണ്ട് ഏഷ്യാനെറ്റ് വിജയിപ്പിച്ചെടുത്തത്.  മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് മലയാളികൾക്ക് സമർപ്പിച്ചത്. 

1992 ലായിരുന്നു അത്. പ്രഗത്ഭരായ ഒരു കൂട്ടം മാധ്യമപ്രവർത്തകരുടെ കൂട്ടായ ശ്രമത്തിൽ നിന്നായിരുന്നു ഇത്തരമൊരു ചാനൽ എന്ന ആശയത്തിന്റെ പിറവി. പ്രമുഖ മാധ്യമപ്രവർത്തകൻ ശശി കുമാർ, എഴുത്തുകാരൻ പി ഭാസ്കരൻ, സക്കറിയ, മാധ്യമപ്രവർത്തകരായ വി കെ മാധവൻകുട്ടി, ബി ആർ പി ഭാസ്കർ അങ്ങനെ പ്രഗത്ഭമതികളായ അനവധി മനീഷികളുടെ കൂട്ടായ പരിശ്രമം ആയിരുന്നു ഏഷ്യാനെറ്റ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് ലൈസൻസുള്ള ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായിരുന്നു ഏഷ്യാനെറ്റ്. മുൻ മാതൃകകൾ ഇല്ലാത്തത് കൊണ്ട് തന്നെ ഏഷ്യാനെറ്റിന്റെ വളർച്ചയുടെ ഓരോ ഘട്ടവും പഠന ശ്രമങ്ങളായിരുന്നു. പിൽക്കാലത്ത് മലയാളത്തിലെ ടെലിവിഷൻ ചാനലുകൾ മാതൃകയാക്കിയതും ഏഷ്യാനെറ്റിനെ തന്നെ.

മലയാളത്തിലെ ആദ്യ വാർത്ത ചാനലിന്റെ പിറവിയുടെ ചരിത്രം ഇങ്ങനെ

കേന്ദ്ര സർക്കാരിന്റെയും വാർത്ത വിതരണ മന്ത്രാലയത്തിന്റേയും അംഗീകാരത്തോടെ റഷ്യൻ ബഹിരാകാശ ഏജൻസിയുമായി എക്രാൻ ഉപഗ്രഹത്തിലെ ഒരു ട്രാൻസ്‌പോണ്ടർ ബീം സിഗ്നലുകളാക്കി മാറ്റുന്നതിനുള്ള കരാർ ഒപ്പിട്ട് കൊണ്ടാണ് ഏഷ്യാനെറ്റ് തുടങ്ങുന്നത്. ചാനലിന് ആവശ്യമായ പ്രോഗ്രാമുകൾ ഒരുക്കുന്നതിന് രണ്ട് സ്റ്റുഡിയോകൾ ചെന്നൈയിൽ സ്ഥാപിക്കുകയും, രണ്ട് സ്റ്റുഡിയോകൾ കേരളത്തിൽ പാട്ടത്തിന് എടുക്കുകയും ചെയ്തു. എന്നാൽ എക്രാൻ സിഗ്നൽ ശക്തിയുള്ള ഒരു “എൽ” ബാൻഡ് ഉപഗ്രഹമായതിനാൽ, പ്രത്യേകം രൂപകൽപ്പന ചെയ്ത ആന്റിന ഉപയോഗിച്ചാണ്  സിഗ്നലുകൾ സ്വീകരിച്ചിരുന്നത്. റഷ്യക്കാർ നൽകിയ ആന്റിനയുടെ ഡിസൈൻ കേരളത്തിലെ ചില കമ്പനികൾ വൻതോതിൽ നിർമ്മിച്ചു. തൃശ്ശൂരിലെ എഴുത്തച്ഛൻ ഇലക്ട്രോണിക്സ് എന്ന സ്ഥാപനം ഏഷ്യാനെറ്റ് കിട്ടുന്ന സ്പൈറൽ ആന്റിന വൻതോതിൽ വിതരണം ചെയ്തു.

മോസ്കോയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള “ഡബ്ന” എർത്ത് സ്റ്റേഷനിൽ നിന്നാണ് ഉപഗ്രഹത്തിലേക്കുള്ള സിഗ്നലുകളുടെ അപ്‌ലിങ്ക്. എർത്ത് സ്റ്റേഷനിൽ നിന്ന് പ്ലേ ചെയ്യുന്നതിനായി മുൻകൂട്ടി റെക്കോർഡു ചെയ്‌ത ടേപ്പുകൾ ഇടയ്ക്കിടെ അയച്ചു കൊടുത്തു. മോസ്കോയിലേക്ക് പറന്ന ഏഷ്യാനെറ്റിന്റെ ജീവനക്കാർ വഴിയാണ് ടേപ്പുകൾ അയച്ചത്. റഷ്യൻ, അമേരിക്കൻ പ്രസിഡന്റുമാർ തമ്മിലുള്ള ഹോട്ട്‌ലൈൻ സ്ഥാപിച്ചിരുന്നതിനാൽ ഡബ്ന എർത്ത് സ്റ്റേഷൻ അതീവ സുരക്ഷ മേഖലയിലായിരുന്നു. പലപ്പോഴും ഇവിടേക്ക് പ്രവേശനാനുമതി ലഭിച്ചിരുന്നില്ല. ചില സമയങ്ങളിൽ ജീവനക്കാർക്ക്  യാത്ര ചെയ്യാൻ വിസ അനുവദിച്ചു കിട്ടില്ല. അത്തരം സന്ദർഭങ്ങളിൽ പൈലറ്റുമാർ അല്ലെങ്കിൽ എയർലൈനിന്റെ ക്രൂ മുഖേന ടേപ്പുകൾ ചെറിയ നിരക്കിൽ മോസ്കോവിലേക്ക് അയച്ചിരുന്നു. കുറച്ചു നാളുകൾക്കകം സിഗ്നൽ പ്രശ്നം കാരണം ഏഷ്യാനെറ്റ് റിംസാറ്റ് എന്ന അമേരിക്കൻ കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെട്ടു. അതിനാൽ മുമ്പ് ഉപയോഗിച്ച എല്ലാ ആന്റിനകളും ഉപേക്ഷിച്ചു. ഏഷ്യാനെറ്റും റിംസാറ്റും ഫിൽ‌കോമും തമ്മിൽ ത്രിരാഷ്ട്ര കരാറുമായി ഫിലിപ്പീൻസിൽ നിന്നുള്ളതാണ് ഈ ഉപഗ്രഹത്തിലേക്കുള്ള അപ്‌ലിങ്ക്. മനിലയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള പിനുഗെയായിരുന്നു ഫിൽകോംസാറ്റ് നിയോഗിച്ച എർത്ത് സ്റ്റേഷൻ.

മനില വിമാനത്താവളത്തിൽ നിന്ന് സുബിക് ബേയിലേക്കുള്ള യാത്രക്ക്  5 മണിക്കൂർ വരെ എടുക്കും. മനിലയിൽ നിന്ന് സുബിക്കിലേക്കുള്ള പാത ഒരു അഗ്നിപർവ്വത പ്രദേശത്തിലൂടെയാണ് കടന്നു പോയിരുന്നത്.  മഴക്കാലത്ത് ചില അഗ്നിപർവ്വതങ്ങളിലെ ചാരം റോഡുകളിലേക്ക് ഒഴുകി ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതിനാൽ  ചാർട്ടേഡ് വിമാനങ്ങളിലാണ് കേരളത്തിലെ ബ്യുറോകൾ നിർമ്മിച്ച വാർത്തകൾ സുബിക് ബേയിൽ എത്തിച്ചിരുന്നത്. ഏറെ പണിപ്പെട്ടാണ് ആദ്യ കാലത്ത് ഏഷ്യാനെറ്റ് വാർത്തകൾ തത്സമയം ഒരുക്കിയിരുന്നത്. ആകെ രണ്ടു മലയാളികൾ മാത്രമായിരുന്നു ചുരുങ്ങിയ ആ സംഘത്തിൽ ഉണ്ടായിരുന്നത്. മാധ്യമപ്രവർത്തകരായ എൻ കെ രവീന്ദ്രനും പ്രമോദ് രാമനുമായിരുന്നു മലയാളികൾ കണ്ട ആദ്യ തത്സമയ വാർത്തക്ക് പിന്നിൽ. ആറു മാസങ്ങൾക്ക് ശേഷം സുബിക് ബേയിൽ നിന്ന് വാർത്ത പ്രക്ഷേപണം സിംഗപ്പൂരിലേക്ക് മാറ്റി. അവിടെ നിന്ന് ചെന്നൈയിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും.

എന്തായാലും ഏഷ്യാനെറ്റ് മാനേജ്മെന്റും, ഒരു കൂട്ടം മാധ്യമപ്രവർത്തകരും അന്ന് ഏറ്റെടുത്തത്  വലിയൊരു ദൗത്യമാണ്. വിജയിപ്പിക്കാൻ സാധിക്കുമോ എന്ന് പോലും നിശ്ചയമില്ലാത്ത ഒരു ദൗത്യം. ആ ശ്രമത്തിന്റെ വിജയത്തിന് ഇപ്പോൾ 25 വർഷത്തിന്റെ തിളക്കം. മലയാളികൾ ഇക്കാലത്തിനടയിൽ എത്രയെത്ര വാർത്ത ചാനലുകൾ കണ്ടിരിക്കുന്നു. 25 വർഷങ്ങൾക്കിപ്പുറവും ഏഷ്യാനെറ്റ് മലയാളികൾക്ക് വാർത്ത എത്തിക്കുന്നതിൽ മുൻപന്തിയിൽ തന്നെ.

Latest News