Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി വിമാന യാത്രക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ആശങ്ക; പ്രവാസികളുടെ ബുക്കിംഗ് വര്‍ധിച്ചു

ജിദ്ദ-സൗദിയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണനിലയിലാകുന്നതു സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുകയാണെങ്കിലും കോവിഡ് വാക്‌സിനേഷനും വിമാനയാത്രയും ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
ആശങ്ക പടര്‍ന്നതിനു പിന്നാലെ ധാരാളം പ്രവാസികളാണ് കഴിഞ്ഞ ദിവസങ്ങളിലായി വാക്‌സിനേഷന് ബുക്ക് ചെയ്തത്. കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബഹുഭൂരിഭാഗവും എടുത്തുകളഞ്ഞ സൗദി അധികൃതര്‍ പരമാവധി വാക്‌സിനേഷന്‍ നടത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പള്ളികളിലും മറ്റു പൊതു ഇടങ്ങളിലും തുടരുന്ന സാമൂഹിക അകലം കൂടി നീക്കുന്നതിനുള്ള അടുത്ത ചുവട് വാക്‌സിനേഷനാണെന്ന സന്ദേശവുമായാണ് ആരോഗ്യ മന്ത്രാലയം ബോധവല്‍ക്കരണം ശക്തമാക്കിയിരിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ സിഹത്തി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്ത് സൗജന്യ വാക്‌സിനേഷനുവേണ്ടി റിസര്‍വേഷന്‍ നടത്താനാണ് ആവശ്യപ്പെടുന്നത്.
ഇപ്പോള്‍ നിര്‍ബന്ധം ചെലുത്തുന്നില്ലെങ്കിലും അടുത്ത ഘട്ടത്തില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമെന്നും അത് വിമാന യാത്രയുമായി ബന്ധിപ്പിക്കുമെന്നുമുള്ള ആശങ്ക വ്യാപകമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ വിവിധ മാധ്യമങ്ങളിലൂടെ നടത്തുന്ന ബോധവല്‍ക്കരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രവാസികളുടെ ബുക്കിംഗ് വര്‍ധിപ്പിച്ചത്.
വാക്‌സിനേഷന്‍ ഒന്നും രണ്ടും ഘട്ടം പൂര്‍ത്തിയാക്കിയ പ്രവാസികള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിശദീകരിച്ചും ഒരു വിധത്തിലുളള പ്രയാസവുമില്ലെന്ന് ചൂണ്ടിക്കാട്ടിയും സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്.
മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം പി.എം. മായിന്‍കുട്ടി കഴിഞ്ഞ ദിവസം വാക്‌സിനേഷന്‍ എടുത്തശേഷം കുത്തിവെപ്പ് കേന്ദ്രത്തിലെ സൗകര്യങ്ങളെ പ്രകീര്‍ത്തിച്ചു.
വിമാന യാത്രക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ അത്തരം നിര്‍ദേശങ്ങളില്ലെന്നാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് നല്‍കുന്ന മറുപടി. ഇങ്ങനെയൊരു നിര്‍ദേശം ലഭിച്ചാലുടന്‍ അത് ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു. സൗദിയിലെ ട്രെയിന്‍ യാത്രക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ നടപടിയാണ് അത് വിമാന യാത്രായിലേക്കും വ്യാപിപ്പിക്കുമെന്ന് കരുതാന്‍ കാരണം.
കുട്ടികളുടെ അവധിക്കാലം അടുത്തിരിക്കെ , ഇപ്പോള്‍ തന്നെ ബുക്ക് ചെയ്താല്‍ മാത്രമേ യഥാസമയം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ജനുവരിയില്‍ ബുക്ക് ചെയ്തവര്‍ക്ക് ഇനിയും കുത്തിവെപ്പിനുള്ള അവസരമായിട്ടില്ല. പ്രായവും മറ്റു രോഗങ്ങളും കണക്കിലെടുത്താണ് ഇപ്പോള്‍ മുന്‍ഗണന നിശ്ചയിക്കുന്നത്.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജിദ്ദയിലെ സാമൂഹിക പ്രവർത്തകന്‍ സലാഹ് കാരാടന്‍ അനുഭവം വിവരിക്കുന്നു.


വിമാന യാത്രക്കുള്ള വിലക്ക് ഏതു സമയത്തും പിന്‍വലിക്കാനുള്ള സാധ്യത നിലനില്‍ക്കെ, യഥാസമയത്തുളള യാത്രക്ക് വാക്‌സിനേഷന്‍ തടസ്സമാകാന്‍ പാടില്ലെന്ന് കരുതുന്നവരാണ് ഇപ്പോള്‍ കൂടുതലായും ബുക്ക് ചെയ്യുന്നത്. ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം നാട്ടില്‍ പോകുന്നവര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ പോകുന്നവര്‍ക്ക് ആറു മാസത്തേക്ക് ക്വാറന്റൈന്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ വാക്‌സിനേഷനുമായി ബന്ധപ്പെടുത്തിയായിരിക്കും സൗദിയിലും അടുത്ത ഘട്ട നിയന്ത്രണ നടപടികളെന്നാണ് സൂചനകള്‍.
അവാസനഘട്ടത്തിലേക്ക് നീട്ടിവെക്കാതെ എത്രയും പെട്ടെന്ന് സിഹത്തി ആപ് ഡൗണ്‍ലോഡ് ചെയ്ത് ബുക്കിംഗ് നടത്തണമെന്നാണ് ആരോഗ്യമേഖലയിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും നിര്‍ദേശിക്കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി 1,557,743 ഡോസ് വാക്സിന്‍ നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയ കണക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത്  സിഹത്തി ആപ് ആന്‍ഡ്രോയിഡ്, ഐഫോണുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം.

Latest News