Sorry, you need to enable JavaScript to visit this website.

കർഷക സമരം ബ്രിട്ടീഷ് പാർലമെന്റ് ചർച്ച ചെയ്തതിൽ പ്രതിഷേധിച്ച് സ്ഥാനപതിയെ ഇന്ത്യ വിളിച്ചു വരുത്തി

ന്യൂദൽഹി- ഇന്ത്യയിലെ കർഷക പ്രക്ഷോഭവും മാധ്യമ സ്വാതന്ത്ര്യവും ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ചയാക്കിയതിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ബ്രിട്ടീഷ് പാർലമെന്റിന്റെ നീക്കം 'അമിതമായ ഇടപെട'ലാണെന്നും 'വോട്ട്ബാങ്ക് രാഷ്ട്രീയ'മാണെന്നും ഹൈ കമ്മീഷനോട് വിയോജിപ്പ് അറിയിക്കവെ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വിദേശരാജ്യം ഇന്ത്യയിലെ ഒരു പ്രശ്നം തങ്ങളുടെ പാർലമെന്റിൽ ചർച്ച ചെയ്യുന്നത്. 

കർഷകരുടെ പ്രക്ഷോഭം നൂറു ദിവസത്തിലധികം പിന്നിടുകയും അന്തർദ്ദേശീയ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് ബ്രിട്ടീഷ് പാർലമെന്റിൽ വിഷയം ചർച്ചയ്ക്കെടുത്തത്. 90 മിനിറ്റ് നേരം ഈ വിഷയം ചർച്ച ചെയ്തു. പ്രധാനമന്ത്രിയെ നേരിട്ട് കാണുമ്പോൾ ഈ വിഷയത്തിൽ ബ്രിട്ടന്റെ ആശങ്ക അറിയിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യയിലെ സംഭവങ്ങളെ 'തെറ്റായി' ചിത്രീകരിച്ച് വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് വിദേശകാര്യ സെക്രട്ടറി ബ്രിട്ടീഷ് ഹൈ കമീഷനെ അറിയിച്ചു. ഒട്ടും സന്തുലിതമായ രീതിയിലായിരുന്നില്ല ബ്രിട്ടീഷ് പാർലമെന്റിലെ ചർച്ചയെന്ന് കഴിഞ്ഞദിവസം ബ്രിട്ടനിലെ ഇന്ത്യൻ ഹൈ കമീഷൻ പ്രസ്താവിക്കുകയുണ്ടായി. തെറ്റായ നിരമനങ്ങളിൽ വസ്തുതകളെ സ്ഥാപിക്കാതെ എത്തിച്ചേരുന്നതാണ് കണ്ടതെന്ന് ഹൈ കമീഷൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്നത് മുൻനിർത്തിയുള്ള ബ്രിട്ടീഷ് പാർലമെന്റിന്റെ ചർച്ചയെയും ഹൈ കമീഷൻ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമങ്ങളടക്കമുള്ളവർ ഇന്ത്യയിൽ നിന്ന് കർഷകപ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഹൈ കമ്മീഷൻ ചൂണ്ടിക്കാട്ടി.

നേരത്തെ ഇന്ത്യയിലെ കർഷകപ്രക്ഷോഭത്തെ പിന്തുണച്ച് യുഎസ് രംഗത്ത് വന്നിരുന്നു. ഇതോടൊപ്പം മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങളെയും യുഎസ് പിന്തുണയ്ക്കുകയുണ്ടായി. സമാധാനപരമായ സമരങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് യുഎസ് വ്യക്തമാക്കി.

Latest News