ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; ഒരാള്‍ ഡച്ച് പൗരന്‍

ന്യൂദല്‍ഹി- കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ടു പേരെ കൂടി  ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ രാജ്യത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  
മനീന്ദര്‍ജിത് സിംഗ്, ഖെംപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ചെങ്കോട്ട സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

അറസ്റ്റിലായവരില്‍ മനീന്ദര്‍ജിത് സിംഗ്  ഡച്ച് പൗരനാണ്. യു.കെയിലെ ബര്‍മിംഗ്ഹാമിലാണ് താമസം. വ്യാജ രേഖകളുമായി രാജ്യത്തിന് പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ദല്‍ഹി വിമാനത്താവളത്തില്‍  അറസ്റ്റിലായത്.  മനീന്ദര്‍ജിത് രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ദല്‍ഹി പോലീസ് പറഞ്ഞു.

അറസ്റ്റിലായ രണ്ടാമത്തെ പ്രതി ഖെംപ്രീത് സിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ചെങ്കോട്ട പരിസരത്ത് ആക്രമിച്ചിരുന്നുവെന്നും പിന്നീട് ഒളിവില്‍ പോയെന്നും പോലീസ് പറഞ്ഞു.

ചെങ്കോട്ട അക്രത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിന്  െ്രെകംബ്രാഞ്ചിലെ വിവിധ സംഘങ്ങള്‍ പ്രദേശത്ത് പതിവായി റെയ്ഡ് നടത്തുന്നുണ്ട്.

 

Latest News