ജയ്പൂർ- രാജസ്ഥാനിൽ വാക്സിൻ ആവശ്യത്തിനുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെ തള്ളി മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്ര സർക്കാർ തെറ്റായ ഡാറ്റ വെച്ചാണ് ഈ അവകാശവാദമുന്നയിക്കുന്നതെന്ന് ഗെലോട്ട് ട്വിറ്ററിൽ കുറിച്ചു. തങ്ങളുടെ പക്കലുള്ള വാക്സിൻ ഡോസുകൾ കഴിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അടിയന്തിരമായി കൂടുതൽ ഡോസുകൾ എത്തിക്കണമെന്നുമുള്ള രാജസ്ഥാൻ സർക്കാരിന്റെ ആവശ്യത്തോട് പ്രതികരിക്കവെ, ആവശ്യമുള്ള വാക്സിൻ സംസ്ഥാനത്തുണ്ടെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞത്. സംസ്ഥാനത്തേക്കയച്ച വാക്സിന്റെ കണക്കുകളും ആരോഗ്യമന്ത്രാലയം മുമ്പോട്ടു വെച്ചു.
രാജസ്ഥാൻ ഇതുവരെ 37.61 ലക്ഷം വാക്സിൻ ഡോസുകൾ കൈപ്പറ്റിയെന്ന് ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. ഇതിൽ 24.28 ലക്ഷം ഡോസുകൾ ജനങ്ങൾക്ക് നഷകിയിട്ടുമുണ്ട്. എന്നാൽ ഈ ഡാറ്റ പൂർണമായും തെറ്റാണെന്ന് മുഖ്യമന്ത്രി ഗെലോട്ട് പറയുന്നു. മാർച്ച് 8 വരെ 31,45,340 വാക്സിൻ ഡോസുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിൽ 2,15,180 ഡോസ് വാക്സിനുകൾ പട്ടാളത്തിന് നൽകി. 29,30,160 ഡോസ് മുൻനിര പ്രവർത്തകർക്ക് നൽകി. ആകെ 23,26,975 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്യപ്പെട്ടത്. 1,62,888 ഡോസ് വാക്സിൻ ഉപയോഗശൂന്യമായി. ബാക്കി 4,40,297 ഡോസ് വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് ലഭ്യമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം പേർക്ക് ദിനംപ്രതി വാക്സിൻ നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാർച്ച് 9ന് 85,000 ഡോസ് വാക്സിനാണ് കേന്ദ്രത്തിൽ നിന്നും ലഭിച്ചത്. ഇതിനു ശേഷം കൂടുതൽ ഡോസ് വേണമെന്ന് തങ്ങൾ ആവശ്യപ്പെടുകയായിരുന്നെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആവശ്യമായ വാക്സിൻ തരാതെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥരോട് പറയാൻ താൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനോട് ആവശ്യപ്പെടുമെന്നും ഗെലോട്ട് പ്രസ്താവിച്ചു.






