മാനന്തവാടി-തവിഞ്ഞാല്‍ മക്കിക്കൊല്ലി വെള്ളരിപ്പാലത്തും സമീപങ്ങളിലും ഭീതി പരത്തിയ കടുവ കൂട്ടിലായി. വനം-വന്യജീവി വകുപ്പ് വെള്ളരിപ്പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെ വച്ച കെണിയില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനാണ് കടുവ കുടുങ്ങിയത്.
12 വയസ് മതിക്കുന്ന ആണ്‍കടുവയാണ് കെണിയിലായത്. നോര്‍ത്ത് വയനാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസ് വളപ്പിലേക്കു മാറ്റിയ കടുവയെ വനപാലകര്‍ നിരീക്ഷിച്ചുവരികയാണ്. കടുവയുടെ കോമ്പല്ല് കൊഴിഞ്ഞ നിലയിലാണ്. ദേഹത്തു പരിക്കുകള്‍ പ്രകടമല്ല. ആവശ്യമായ ചികിത്സയും പരിചരണവും നല്‍കിയശേഷം കടുവയെ മൃഗശാലയിലേക്കു മാറ്റാനാണ് നീക്കം.
കഴിഞ്ഞ ദിവസം മക്കിക്കൊല്ലി മണക്കാട് ഫ്രാന്‍സിസിന്റെ പത്തുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നിരുന്നു. തള്ളപ്പശുവിനെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയുമുണ്ടായി. ഇതിനടുത്ത ദിവസവും പ്രദേശത്തു കടുവയെത്തി. ചത്ത പശുക്കിടാവിന്റെ ജഡം അടുത്തുള്ള വയലില്‍ വലിച്ചെത്തിച്ചു ഭാഗികമായി ഭക്ഷിച്ചു.
പ്രദേശവാസികള്‍ ഭീതിയിലായ സാഹചര്യത്തില്‍ കടുവയെ കണ്ടെത്തി ഉള്‍ക്കാട്ടിലേക്കു തുരത്താന്‍ വനപാലകര്‍ പദ്ധതിയിട്ടെങ്കിലും ഫലിച്ചില്ല. ഇന്നലെ പകല്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കടുവാശല്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി.ബിജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലൈജി തോമസ്, ജോസ് കൈനികുന്നേല്‍, ബ്ലോക്ക് മെംബര്‍ അസീസ് വാളാട്, പ്രദേശവാസികമായ പ്രതീഷ് മൈലാടി, മനോജ് ഒഴക്കോടി തുടങ്ങിയവര്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ രമേശ് വിഷ്‌ണോയിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടു വരെ കടുവയെ കണ്ടെത്തി തുരത്താനായില്ലെങ്കില്‍ കൂടു സ്ഥാപിച്ചു പിടികൂടാമെന്നു ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍ക്കു ഡി.എഫ്.ഒ ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാത്രി കൂട് സ്ഥാപിച്ചത്. കടുവ കൂട്ടിലായതോടെ പ്രദേശവാസികള്‍ക്കു ആശ്വാസമായി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതുമുതല്‍ പകല്‍ തോട്ടത്തില്‍ ഇറങ്ങാന്‍പോലും ആളുകള്‍ ഭയന്നിരുന്നു.